Monday, September 1, 2014

ഇപ്പോഴൊക്കെ ഇങ്ങനെയാണ്ഇല്ലായ്മയുടെ ആ ഇടത്തിൽ
പതിവു വെളിച്ചം പതിവു മടുപ്പോടെ
വന്നും പോയും കൊണ്ടിരുന്നു
എല്ലാം പതിവു അഗാധതയോടെ
മിഴിച്ചു നോക്കി കൊണ്ടിരുന്നു
ഇത്രയേറെ അവഗണിക്കപ്പെട്ടതിന്റെ
സങ്കടങ്ങളൊന്നും കാണില്ല ഉള്ളിൽ
എന്നാലും ഇല്ലായ്മയല്ലെ
എന്റെ ഉള്ളിലെ എന്നോട് തന്നെ
പാവം തോന്നും പോലെ പാവം തോന്നും
ആരുമില്ലല്ലൊ എന്ന് എനിക്ക്
സിഗരറ്റ് വലിക്കാൻ തോന്നും പോലെ
കട്ടൻ ചായ കുടിക്കാൻ തോന്നും പോലെ
അതിനും തോന്നുമൊ എന്ന തോന്നലിനു മുകളിൽ
വെറുതെ പറന്നു നടക്കും
അതിനു കീഴെ അപ്പുറത്തെ കുറ്റിക്കാട്ടിൽ
ചില പതുങ്ങലുകൾ സംഭവിക്കും
ചുള്ളി കൊമ്പുകൾ ഞെരിഞ്ഞമർന്നൊടിയുന്നതിന്റെ
ശബ്ദം കേൾക്കും
ഓ അതൊക്കെ അങ്ങനെ നടന്നു പോവും
എന്ന് ചിന്താവിഷ്ടയായ ശ്യാമളയിലെ
ശ്രീനിവാസനെ പോലെയാണ്
ചിലപ്പോൾ ജീവിതമെന്ന് പറയണമെന്ന് തോന്നും
അപ്പുറത്തെ പാളത്തിലൂടെയപ്പോൾ
ഒരു തീവണ്ടി ഒറ്റയ്ക്ക് കടന്നു പോവും
ഒരു കൂട്ടമാളുകൾ ഒറ്റയ്ക്ക് കടന്നു പോവും
അപ്പോൾ എന്തോരമെന്തോരം സങ്കടം തോന്നുമല്ലെ എന്ന്
എന്നെ പോലെ തോന്നുന്നുണ്ടാവുമൊ ആവൊ
അതൊ ഇതൊക്കെ കോപ്പാണെന്ന ഭാവമാണൊ ?
കാത്ത് കാത്ത് നിന്ന്
ഒരു പാട് നേരം വൈകി വന്ന ബസ്
നിർത്താതെ പാഞ്ഞു പോകും പോലെ
ജീവതമങ്ങനെ പാഞ്ഞു പോകുമ്പോൾ
എങ്ങനെയാണ് തോന്നുന്നതെന്ന്,
അപ്പോഴൊക്കെ ഒരു തെറി പറയാൻ കഴിയുന്നതിന്റെ
സുഖത്തെ കുറിച്ച് എങ്ങനെയാണ് പറയുക ?
ചിലപ്പോഴൊക്കെ സ്വപ്നം കാണും
ഭൂമിയിലെ എല്ലാ മരത്തിലേയും
എല്ലാ ഇലകളും ഒന്നിച്ചു പൊഴിയുന്നതിനെ കുറിച്ച്
അനേകായിരം അനാഥമായ കൈകൾ നിറഞ്ഞ
ഭൂമിയെ കുറിച്ച് സ്വപ്നം കണ്ട് നോക്കണം
ജീവിതത്തിൽ പേടികൾ ഒന്നിച്ച് ചിറകടിച്ച്
വരുന്ന നേരങ്ങളുണ്ട്
അങ്ങനെയാണ്, ചിലപ്പോഴൊക്കെ അങ്ങനെയാണ്
വഴു വഴുക്കുന്ന നേരങ്ങളിലേക്ക്
എത്തി പിടിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കെ
തെന്നി പോകുന്നത് എങ്ങോട്ടാണെന്ന് പോലും അറിയാതെ
തെന്നി കൊണ്ടിരിക്കും
എന്നാലും ഇല്ലായ്മയല്ലെ
ഇങ്ങ് നിന്ന് നോക്കിയാൽ അങ്ങ് വരെ
കാണാവുന്നത്ര സുതാര്യമല്ലെ
എന്നൊക്കെ ചിന്തിച്ചു നോക്കും
ചിന്തിച്ച് ചിന്തിച്ച് സമാധാനം കെട്ടിട്ടാണ്
ഇവിടെ വന്ന് നിൽക്കുന്നതെന്ന് തോന്നും
അല്ലെങ്കിലും
എല്ലാമെല്ലാം കൂട്ടങ്ങളായ് ജീവിക്കുന്നൊരു ഭൂമിയിൽ
എങ്ങനെയാണ് ഒറ്റയ്ക്കാവുന്നതെന്നാണ്?
ഇല്ലായ്മകളിൽ എല്ലാ ഇല്ലായ്മകളിലും
ഞാൻ മാത്രമെ ഉള്ളൂ എന്നത് കൊണ്ടാണൊ ?
വെറുതെയിരിക്കുകയല്ലെ
ഇല്ലായ്മയുടെ ആഴങ്ങളിലേക്ക് ഒച്ചയിട്ടുകൊണ്ടിരിക്കും
അപ്പോഴൊക്കെ തിരിച്ചു വരുന്ന പ്രതിധ്വനി
ആരുടേതാണ് ? ഏതു കാലത്തിന്റേതാണ്
എന്നൊക്കെ വെറുതെ ആഴപ്പെട്ടുകൊണ്ടിരിക്കും
അടിക്കാതെ പോയ ലോട്ടറി ടിക്കറ്റ്
മടക്കി മടക്കി വിമാനമുണ്ടാക്കി
പറത്തി കളിക്കുന്നതു പോലെ
ജീവിതത്തെ പറത്തി കളിക്കുകയാണ്
ഇല്ലായ്മയുടെ സ്വന്തം ആകാശങ്ങളിൽ
എന്നിങ്ങനെയാണ്
ചിന്തിച്ചു ചിന്തിച്ചു നോക്കുമ്പോൾ
ഉള്ളിൽ മരിച്ചു പോയ ആരുടേയൊ
കണ്ണിലെ മരിച്ചു പോയ കാഴ്ചയാണ്
ഈ ഇല്ലായ്മകൾ എന്നാണ്
അങ്ങിനെയാണ്, പറഞ്ഞു തുടങ്ങുമ്പോൾ
നിന്റെയൊക്കെയൊരു ഒടുക്കത്തെ ഫിലോസഫി എന്ന്
പതിവു പരിചയത്തോടെ കൈ വീശി കാണിക്കും
ഇല്ലായ്മയുടെ പതിവിടങ്ങൾ

Friday, June 13, 2014

കണ്ണാടി നഗരത്തിൽ

ശബ്ദമില്ലാത്ത കാഴ്ചയുടെ കണ്ണാടി നഗരത്തിൽ
കയറൂരി വിട്ട തോന്നലുകൾ
വളവുകളെ അനായാസം മെരുക്കുന്നതിന്റെ തെറിപ്പുകൾ
മറ്റേതൊ കണ്ണിലേക്ക് പ്രതിഫലിപ്പിച്ച് കൊണ്ടിരിക്കയാണ്
വെളിച്ചത്തിന്റെ അതി സൂക്ഷ്മമായ പ്രയോഗം കൊണ്ട്
കണ്ടു മടുത്ത പലതിനേയും പുതിയതാക്കാനുള്ള പരീക്ഷണങ്ങളാണ്
അതിനിടയിൽ സമയം കൊണ്ട് കളിക്കണം
പിന്നിലോട്ട് തിരിയുന്ന പ്രതിഫലിക്കപ്പെട്ട സമയ സൂചികളെ
വീണ്ടും പ്രതിഫലിപ്പിച്ച്
മുന്നോട്ടും പിന്നോട്ടും തിരിയുന്ന
സമയ നൃത്തങ്ങളിൽ നിന്ന് തെറിച്ച്,
അടിച്ച് തെറിപ്പിച്ച പന്തു പോലെ
എവിടെയൊ തട്ടി തിരിച്ചു വരുന്നതിനിടയിൽ വായുവിൽ.
ഇലകൾ, തൂവലുകൾ, നമ്മൾ
ഇപ്പോൾ, വിരിച്ചിട്ട കണ്ണാടിയിലെ ആകാശത്തെ
മൃദുവായി ചവുട്ടി നടന്നു നോക്കുന്നു
നമുക്ക് കീഴെ നമ്മൾ തന്നെയാണല്ലൊ
എന്നമ്പരക്കുന്നു
പാളി വീഴുന്ന ചെമ്പരത്തി വെയിലിലേക്ക്
ഉന്മാദത്തിന്റെ തുമ്പി ചിറകുകൾ മുളച്ചേക്കുമൊ എന്ന്
കൗതുകം പൂണ്ട്, അവയുടെ ആകാശമേതെന്ന് തിരഞ്ഞ്
കൗതുകങ്ങൾ നീർത്തിയിട്ട കുന്നിലേക്ക്
ഏന്തി വലിഞ്ഞു നോക്കുമ്പോൾ
അവിടെയാകെ
മുലപ്പാൽ പരന്നൊഴുകിയ കോടമഞ്ഞു പ്രഭാതങ്ങൾ
ഒരാകാംഷ മറ്റൊരാകാംഷയെ കണ്ടു മുട്ടുന്നതവിടെയാണ്
എന്റെ ഏത് പ്രതിഫലനമാണ്
നിന്റെ ഏത് പ്രതിഫലനത്തെ കാണുന്നതെന്ന്
ആകാംഷ പെരുകുന്നതിനിടയിൽ
മുന്നോട്ടും പിന്നോട്ടും തിരിയുന്ന
പ്രതിഫലിക്കപ്പെട്ട സൂചികളുടെ സമയ നൃത്തങ്ങൾ
അതിനിടയിൽ
വെളിച്ചത്തിന്റെ ഇടപെടലുകൾ പരിചയപ്പെടുത്തി തരുന്ന
പുതിയ വിസ്മയങ്ങളിൽ
സ്ഥല കാലത്തിന്റെ രണ്ടാകാശങ്ങളെ തൊട്ട്
പന്തുകൾ പോലെ പൊന്തി പോകുകയാണ്
കണ്ണാടി നഗരത്തിലെ നമ്മൾ
അവിടെ മുറ്റത്തെ പപ്പായ മരത്തിന്റെ ഇലയിലിരുന്ന്
കൺപീലിയുടെ തെങ്ങോലകൾക്കിടയിലൂടെ നോക്കുമ്പോൾ
ആകാശത്തിലെ ചിതറി കിടക്കുന്ന പഞ്ചസാരത്തരികളെ
കട്ടു തിന്നാനെത്തുന്ന
നിന്റെ ഉറുമ്പിൻ വിരലുകളുടെ രാത്രിയിൽ നിന്ന്
പെടുന്നനെ അനേകായിരം വളവുകൾ
കോട മഞ്ഞു പ്രഭാതത്തിലേക്ക് പടർന്നു പോകുന്നു
എന്നിൽ നിന്നുമപ്പോൾ സ്റ്റാർട്ട് ചെയ്ത് പോകുന്ന വേഗങ്ങൾ
വളവുകളെ അനായാസം മെരുക്കുന്നതിന്റെ തെറിപ്പുകൾ
മറ്റേതൊ കണ്ണിലേക്ക് പ്രതിഫലിപ്പിച്ച് കൊണ്ടിരിക്കെ
പൂമ്പാറ്റ കുട്ടീ എന്ന് മറ്റൊരു ദിവസം
എന്റെ കൈ പിടിക്കാനായുന്നു
ഉറങ്ങി ഏണീക്കുമ്പോൾ
എന്നിൽ എത്ര കണ്ണാടികളാണ്
നിന്നിൽ എത്ര കണ്ണാടികളാണ്
അതിലെത്ര നമ്മളാണ് എന്ന്
നമ്മളിലെ വെളിച്ചങ്ങൾ പരിഭ്രമിച്ചു നിൽക്കുന്നത് കണ്ടിട്ട്
എനിക്കിപ്പോൾ ചിരിയടക്കാൻ വയ്യാ.....!

Thursday, May 22, 2014

ഭൂമിയുടെ മുടിയിഴകൾ കോതിയൊതുക്കുന്നൊരു പുലരിയിൽ

ഭൂമിയുടെ മുടിയിഴകൾ കോതിയൊതുക്കുന്നൊരു പുലരിയിൽ
ഉയരങ്ങൾ ഉയരങ്ങളിലേക്ക് കയറി പോകുന്നതിനിടയ്ക്ക്
ഏഴാം നിലയിലെ ഒന്നാം നമ്പർ ഫ്ലാറ്റിൽ
എപ്പോൾ വേണമെങ്കിലും വാതിൽ തുറന്നെത്താവുന്ന
അവസാനിക്കാത്ത കാലടി ശബ്ദത്തിന് കാതോർത്തിരിക്കെ
അദൃശ്യമായവ പൊഴിച്ചിട്ട പുഞ്ചിരിയുടെ വെളിച്ചത്തിൽ
മുറിയെ, മുറിക്ക് തീർത്തും അപരിചിതമായ
കണ്ണുകളുടെ സ്പർശം കൊണ്ട് ഉഴിഞ്ഞു കൊണ്ടിരിക്കെ
കഴിഞ്ഞ രാത്രിയിലെ ചില്ലകളിൽ നിന്നും
പൊഴിഞ്ഞു വീണ ഇരുട്ട്
മുഴുവനായ് പോകാൻ മടിച്ച്
അവിടെയവിടെയായ് പറ്റി കൂടി നില്ക്കെ
മുയലുകൾ, ഒരു കൂട്ടം മുയലുകളുടെ വെള്ളച്ചാട്ടത്തിൽ
മുറി നിറയും, മുറി നിറയുമെന്ന ത്രസിക്കൽ
കൊളുത്തി വലിച്ചു കൊണ്ടു പോകുന്ന തീരത്ത്
വെയിലു കാഞ്ഞിരിക്കുന്ന സിംഹങ്ങളുടെ
അലസ നോട്ടങ്ങളുടെ ഉച്ചകളെ എന്തു ചെയ്യുമെന്ന്,
ആകാശമറിയാതെ അലസ മേഘങ്ങളെ തട്ടി കൊണ്ട് വന്ന്
ബോഗൻ വില്ലകളിൽ നിറയെ വിരിയിച്ചെടുത്താലൊ എന്ന്
കടുകു മണികളിൽ ഒതുക്കി വെച്ച ഇഷ്ടങ്ങളെ
മൂപ്പിച്ച് മൂപ്പിച്ച് പൊട്ടിത്തെറിപ്പിച്ചാലൊ എന്ന്
അപ്പോഴും അവിടെയവിടെയായ് പറ്റി പിടിച്ചു നിൽക്കുന്ന
ഇരുട്ടിൽ നിന്നും കടം വാങ്ങിയ നക്ഷത്രങ്ങളെ
അപ്പൂപ്പൻ താടികളായ് ജനലിലൂടെ പറത്തി വിട്ടു കൊണ്ടിരിക്കെ
അയാളിൽ നിന്നും വീണു കിടക്കുന്ന നിഴലുകൾ,
മുറി നിറയും നിഴലുകൾ, നിഴലുകളുടെ താഴ്വരകൾ
അതിലേക്ക് മുയലുകളുടെ മുഖങ്ങളിൽ നിന്നും
ഉതിർന്നു വീഴുന്ന
ഭയത്തിന്റെ ഇരുണ്ട ഗോലികളുടെ മഴയിൽ
നനഞ്ഞൊലിച്ചു കയറി വരും
അന്യഗ്രഹ ജീവികളുടെ ആസക്തമായ നോട്ടങ്ങളിലേക്ക്
വലിച്ചെറിയപ്പെടും മുറിയുടെ നഗ്നതയിൽ
അഗാധതയിൽ നിന്നു മാത്രം വരുന്നവയുടെ
തുറസ്സിലേക്കെന്ന പോലെ
പഴയൊരു കുറ്റകൃത്യത്തിന്റെ അസുഖകരമായ തിരുച്ചു വരവിൽ
ഉടലിലൂടെ ചീറി പാഞ്ഞു പോകും
നിലവിളിയുടെ ആംബുലൻസിൽ നിന്നും
തെറിച്ചു വീണ് താഴേക്ക് പോയി കൊണ്ടിരിക്കെ
ഒരു തൂവലിനേക്കാൾ കൂടുതൽ
എന്ത് സാധ്യതയാണ് ഭൂമിയെ കുറിച്ച് തനിക്കെന്ന്
റോഡിൽ തല തിരിഞ്ഞൊരു പൂമരമാവുന്നു
ഭൂമിയിലെ മൊബൈൽ ഡിസ്പ്ലേകളിൽ
അതിൽ നിന്നും ചുവന്ന പൂവുകൾ ഒന്നിച്ച് പൊഴിയുന്നു


ഭൂമിയുടെ മുടിയിഴകൾ കോതിയൊതുക്കുന്നൊരു പുലരിയിൽ
ഉയരങ്ങൾ ഉയരങ്ങളിലേക്ക് കയറി പോകുന്നതിനിടയ്ക്ക്
എട്ടാം നിലയിലെ രണ്ടാം നമ്പർ ഫ്ലാറ്റിൽ
രണ്ടു പെണ്ണുങ്ങളുടെ ഇടയുന്ന നോട്ടങ്ങളുടെ
വിസ്മയങ്ങൾ പഞ്ചസാരത്തരികളായ്
പൊഴിയുന്ന വിരിപ്പിൽ
ഉടലുകളിലൂടെ അരിച്ചരിച്ച് പോകും ഉറുമ്പിൻ വിരലുകൾ
ആകാശങ്ങളെ കുറിച്ചുള്ള അതിരു വിട്ട ഓർമകളിൽ നിന്ന്
കടത്തി കൊണ്ടു വന്ന നീല മിഠായി കടലാസു കൊണ്ട്
ഞൊറിയുള്ള പവാട കുട്ടിയെ ഉണ്ടാക്കി കൊണ്ടിരിക്കെ
മുലകൾ അതിപുരാതനമായ പള്ളി മണികൾ
അതിനുള്ളിലെ മിടിപ്പുകളുടെ ഒച്ചകളെ
വെള്ള പ്രാവുകളുടെ കുറുകലാക്കി
ജാലക വിരിപ്പിലേക്ക് പറത്തി കൊണ്ടിരിക്കെ
തൊടുമ്പോൾ തുറന്നു വരുന്ന
ഹൈപ്പർ ലിങ്കുകളുടെ പുതിയ അത്ഭുതങ്ങളിൽ നിന്നും
പാട്ടുകളും മഴവില്ലുകളും പുറത്തേക്ക് കുടഞ്ഞിട്ടു കൊണ്ടിരിക്കെ
പൊക്കിൾ കുഴിയിലേക്ക് ഒഴുകിയൊഴുകിയവസാനിക്കും
രോമങ്ങളുടെ ഒറ്റ സ്ട്രിങ്ങിൽ മീട്ടുമ്പോൾ
നനഞ്ഞ റോഡിലൂടെ ചീറി പാഞ്ഞു പോകും
ബൈക്കിനെ തിരിച്ചു വിളിക്കൂ തിരിച്ചു വിളിക്കൂ എന്ന്
നീട്ടിത്തരും കൊതികളെ
കൊഞ്ചിച്ച് കൊഞ്ചിച്ച് കൊണ്ടിരിക്കെ
തലയണകളിൽ ഒളിപ്പിച്ചു വെച്ച പഞ്ഞി മേഘങ്ങളെ
മുറിയിലെ ആകാശത്തിലേക്ക് മേയാൻ വിട്ട്
വിരിപ്പിനെ കപ്പൽ പായയാക്കി
കട്ടിൽ ഒഴുകാൻ തുടങ്ങവെ
കണ്ണാടിയുടെ തുറന്ന വാതിലിലൂടെ
കറുത്ത തടാകങ്ങളിലേക്ക് മുഖം നോക്കാൻ പോകുന്നു
രണ്ടു പൂവുകൾ
തീർന്നു പോകുമൊ, തീർന്നു പോകുമൊ
രതിമൂർച്ഛയുടെ പിങ്ക് വസന്തങ്ങളെന്ന്
അപ്പോഴും പുറത്തു കിടക്കുന്ന നീല ഷൂവുകളുടെ
വെള്ള ലെയ്സുകൾക്ക് പകരം
ആകാംഷയുടെ പൂമ്പാറ്റ ചിറകു മുളക്കുന്നു

ഭൂമിയുടെ മുടിയിഴകൾ കോതിയൊതുക്കുന്നൊരു പുലരിയിൽ
ഉയരങ്ങൾ ഉയരങ്ങളിലേക്ക് കയറി പോകുന്നതിനിടയ്ക്ക്
എട്ടാം നിലയിലെ എട്ടാം നമ്പർ ഫ്ലാറ്റിൽ
ഉള്ളിലെ ലഹരിയിൽ നിന്നും
പൊട്ടിച്ചിതറിയൊഴുകുന്ന തോന്നലുകളിൽ
ഇരിട്ടിലൂടെ വെളിച്ചത്തിന്റെ സൂചി മുന പോലെ
പാഞ്ഞ് ചെന്ന് ഇടിച്ച് തകരവെ
മുറി നിറയെ
വെളിച്ചത്തിന്റെ ചില്ലു കഷണങ്ങളാണെന്ന്
വലിഞ്ഞു മുറുകുന്നവയിൽ നിന്നും
ഉച്ചത്തിൽ തെറിച്ചു വീഴുന്നവയുടെ
ഒടുക്കത്തെ സംഗീതത്തിൽ
രതിമൂർച്ഛയുടെ അറ്റത്തെ നിലയിലേക്ക്
ഏന്തി വലിഞ്ഞു നിൽക്കുന്നവന്റെ
അവസാന നിമിഷത്തിലേക്ക് കുന്നു കയറി പോകുന്നതു പോലെ
ഒറ്റപ്പെട്ടു കൊണ്ടിരിക്കെ
ഇരുട്ടിൽ നിന്നുമുള്ള അവസാനത്തെ സന്ദേശങ്ങൾ
അയാളെ തേടി വരുമ്പോൾ
തന്നിൽ നിന്നു നൂലു പൊട്ടി പോകുന്നു
പല നിറത്തിലുള്ള പട്ടങ്ങളെന്ന്
അവ കൂർത്ത കൊക്കുള്ള പക്ഷികളായ്
തന്നിലേക്ക് തന്നെ തിരിച്ചു വരുന്നെന്ന്
അവയുടെ മൂർച്ചകളിൽ
മുറിഞ്ഞു മുറിഞ്ഞു കൊണ്ടിരിക്കെ
മേശ വലിപ്പിൽ നിന്നെടുത്ത റിവോൾവറിന്റെ
ആറു ബുള്ളറ്റുകളിൽ ആരായിരിക്കും
നിന്നെ അത്യധികമായ് സ്നേഹിക്കുകയെന്ന്
അസൂയപ്പെട്ട് കൊണ്ടിരിക്കെ
തുറന്ന വാതിലിലൂടെ നിന്റെ കാലടി ശബ്ദം കേട്ട്
പാഞ്ഞ് ചെന്ന് കാഞ്ചി വലിക്കുമ്പോൾ
നിന്റെ നെറ്റിയിൽ വിരിയുന്ന പൊട്ടിന്റെ
ചുവന്ന പൂവിനെ നോക്കി നോക്കി കൊതിച്ച്,
നീ വീണു കിടക്കുന്ന ഇടനാഴിയെ
ഒരുപാട് വാതിലുകളുള്ള ശവപ്പെട്ടിയോട്
ഉപമിച്ചുപമിച്ചിറങ്ങി പോകുന്നു

ഭൂമിയുടെ മുടിയിഴകൾ കോതിയൊതുക്കുന്നൊരു പുലരിയിൽ
ഉയരങ്ങൾ ഉയരങ്ങളിലേക്ക് കയറി പോകുന്നതിനിടയ്ക്ക്
ആത്മഹത്യ ചെയ്തത്
കൊല ചെയ്യപ്പെട്ടവളുടെ കാമുകിയുടെ ഭർത്താവാണെന്നും
അവളെ കൊന്നത് അവളുടെ കാമുകനാണെന്നും
ഉറുമ്പിൻ കൂട്ടത്തെ പോലെ തിങ്ങി കൂടുന്ന
ആളുകളിൽ നിന്നും പുറപ്പെട്ടു പോകുന്ന രഹസ്യങ്ങൾ
രഹസ്യങ്ങളെ തേടുന്നു
മണപ്പിച്ച് മണപ്പിച്ച് പോകുന്ന മൂക്കുകളുടെ
അതികൗതുകങ്ങളിൽ നിന്ന്
മുള്ളാൻ മുട്ടുന്നുതു പോലുള്ള ത്വരയിൽ
ഒരു കുഞ്ഞു സിഗരറ്റു വലിക്കാൻ ഇറങ്ങിയതാണ്
അതിന്റെ ചൊരുക്കിൽ
ഒരു കുഞ്ഞു കവിത എഴുതാൻ ഇരുന്നതാണ്
ഹൊ......!
ഭൂമിയുടെ മുടിയിഴകൾ കോതിയൊതുക്കുന്നൊരു പുലരിയിൽ
ഉയരങ്ങൾ ഉയരങ്ങളിലേക്ക് കയറി പോകുന്നതിനിടയ്ക്ക്

Saturday, April 12, 2014

അടയ്ക്കാ കുരുവികൾതുടങ്ങുമ്പോഴെ അടയ്ക്കാ കുരുവികൾ
എന്താണെന്നറിയില്ല അടയ്ക്കാ കുരുവികൾ
നെഞ്ചിൽ നിറയെ അടയ്ക്കാ കുരുവികൾ
അവയുടെ കുഞ്ഞു കുഞ്ഞുടലുകൾ, ചിറകടികൾ,
ചില്ലയിൽ നിന്നും ചില്ലയിലേക്കുള്ള പറക്കലുകൾ
ഇപ്പോൾ പതിവുകളിൽ നിറയെ അടയ്ക്കാ കുരുവികൾ
നടക്കുമ്പോൾ ചുറ്റിനും അടയ്ക്കാ കുരുവികൾ
കുളിക്കുമ്പോൾ ഉടലിൽ നിറയെ ഇക്കിളികളുടെ അടയ്ക്കാ കുരുവികൾ
ഹൊ അടയ്ക്കാ കുരുവികൾ
സന്തോഷാം നിറയെ അടയ്ക്കാ കുരുവികൾ
സങ്കടത്തിൽ മുഴുവനും അടയ്ക്കാ കുരുവികൾ
അത്ഭുതങ്ങളിൽ പൂത്തു പൂത്തു നിൽക്കും അടയ്ക്കാ കുരുവികൾ
പ്രേമത്തിൽ അടയ്ക്കാ കുരുവികൾ
ചുണ്ടിൽ ഉമ്മകളുടെ അടയ്ക്കാ കുരുവികൾ
മുലകൾ രണ്ടടയ്ക്കാ കുരുവികൾ
അരയ്ക്ക്‌ താഴെ കുസൃതികളുടെ ബഹളം വെയ്ക്കുന്ന അടയ്ക്കാ കുരുവികൾ
മൊബൈൽ ഫോണിലെ റിങ്ങ്‌ ടോണിനു പകരം
പറന്നു പോകുന്ന അടയ്ക്കാ കുരുവികൾ
ചാറ്റിൽ സ്മെയിലികൾക്ക്‌ പകരം അടയ്ക്കാ കുരുവികൾ
ചുമരിൽ തൂക്കിയിട്ടിരിക്കുന്ന കാലത്തിൽ നിറയെ അടയ്ക്കാ കുരുവികൾ
കേൾക്കുന്ന പാട്ടുകളിൽ അടയ്ക്കാ കുരുവികൾ
എഴുതുന്ന കവിതയിൽ നിറയെ അടയ്ക്ക കുരുവികൾ
പണ്ടാറമടങ്ങാൻ അടയ്ക്കാ കുരുവികൾ
ഉറങ്ങാൻ കിടന്നു
ഊയലാടും ഉറക്കമെ സ്വപ്നത്തിന്റെ വേലിയരികിൽ നിന്നും
വെളിച്ചം നിറഞ്ഞ മറ്റൊരു പ്രഭാതത്തിലേക്ക്
പറന്നു പോകുന്നിതെത്രയൊ അടയ്ക്കാ കുരുവികൾ

Monday, March 31, 2014

സ്കിസോഫ്രീനിയകാറ്റ് വീശാതെയായിരിക്കുന്നു
മരങ്ങളെല്ലാം ഭീതിയുടെ നിശ്ചല ചിത്രങ്ങൾ പോലെ
ഉറഞ്ഞു പോയിരിക്കുന്നു
എല്ലാം എല്ലാം ഭീതിയുടെ രൂപങ്ങളിലേക്ക്
രൂപാന്തരം പ്രാപിച്ചു കൊണ്ടിരിക്കുന്നു
അതെ ഞങ്ങളുടെ ഗ്രാമം ഉത്കണ്ഠയുടെ കൂർത്ത മുനമ്പിൽ
നിന്നും താഴേക്ക് എത്തി നോക്കുന്നു
പരുന്തുകൾ ഞങ്ങളുടെ വീടുകൾക്ക് മുകളിൽ
വട്ടം ചുറ്റി കൊണ്ടിരിക്കയാണ്
അവയുടെ കൂർത്ത നോട്ടങ്ങളിൽ നിന്നും രക്ഷപ്പെടാനാവാതെ
ഞങ്ങൾ വീടുകളിൽ പതുങ്ങുന്നു
ആരും ഒന്നും സംസാരിക്കാതെയായിരിക്കുന്നു
ഒന്നും
അപ്പുറത്തുള്ളവന്  ലോട്ടറിയടിച്ചതിനെ കുറിച്ചൊ
അവന്റെ മോൾ വേറൊരുത്തന്റെ കൂടെ
ഒളിച്ചോടിയതിനെ കുറിച്ചൊ
അവനവന്റെ ഇല്ലായ്മകളെ കുറിച്ചൊ
അങ്ങനെ എന്തിനെയെങ്കിലും കുറിച്ച്
എന്തെങ്കിലും സംസാരിച്ചിട്ട്
നാളുകൾ ഒരുപാടായിരിക്കുന്നു
നിശബ്ദത അടിച്ചേൽപ്പിക്കപ്പെട്ട
ഭാഷയായ് ഞങ്ങൾക്കിടയിൽ നിലനിൽക്കുന്നു
എല്ലാ അനക്കങ്ങളും ഞങ്ങളെ ഭീതിപ്പെടുത്തുന്നു
ഭീതി ഒരു സാംക്രമിക രോഗം പോലെ
ചുറ്റിനും പടർന്നു പിടിച്ചിരിക്കുന്നു
നിസ്സഹായതയുടെ പ്രത്യയ ശാസ്ത്രങ്ങൾ
കാര്യങ്ങൾ ഏറ്റെടുത്തിരിക്കുന്നു
പരുന്തുകൾ റോന്ത് ചുറ്റികൊണ്ടിരിക്കുന്നു
അവയുടെ നിഴലുകൾ പുതിയ ജീവികളായി
ഉയിർത്ത് ഭൂമിയിൽ അലഞ്ഞു നടക്കുന്നു
സ്ക്കൂളുകളും സർക്കാർ സ്ഥാപനങ്ങളും
കവലകളും വിജനമായിരിക്കുന്നു
കുട്ടികൾ പോലും ഭീതി തീണ്ടിയവയെ പോലെ
ഉള്ളിലേക്ക് ചുരുണ്ട് കൂടിയിരിക്കുന്നു
കുന്നിൻ പുറങ്ങളിൽ മേയാൻ പോയ
ഞങ്ങളുടെ നാൽക്കാലികളെ ആരൊ
കൊന്ന് പുതച്ചിരിക്കുന്നു
അവയുടെ രക്തത്തിൽ നിന്നും
പുതിയ തരം ചെടികൾ ഉയിർക്കുകയും
ചെടികളിലെ ചുവന്ന പൂക്കളിൽ നിന്നും
ചീഞ്ഞമാംസത്തിന്റെ ഗന്ധം വമിക്കുകയും ചെയ്യുന്നു
ഇരുട്ട് കൂടതൽ ഇരുട്ട് കൊണ്ട് വരുന്നു
കൂടുതൽ അവിശ്വാസങ്ങളെ കൊണ്ട് വരുന്നു
കൂടുതൽ ഭീതികളെ കൊണ്ട് വരുന്നു
ഭീതിയുടെ മാളങ്ങളിൽ നിന്നും ഇഴഞ്ഞ് വരുന്നവ
വീടുകളുടെ ചുമരുകളിലും മേൽക്കൂരകളിലും രാപാർക്കുന്നു
അവയുടെ കണ്ണുകൾ ഞങ്ങൾക്ക്  മേൽ ഇഴഞ്ഞ് നടക്കുന്നു
ഇഴഞ്ഞിടത്തൊക്കെ തടിച്ച് വ്രണമായ് രൂപാന്തരപ്പെടുന്നു
ആണുങ്ങളും പെണ്ണുങ്ങളും നിസ്സഹായരായി
ആശ്ലേഷിക്കുകയും പരസ്പരം ഇണചേരുകയും ചെയ്യുന്നു
അഗമ്യഗമനങ്ങളും അരക്ഷിതാവസ്ഥയും നിലനിൽക്കുന്നു
പുതിയ ജനനങ്ങളിൽ വികൃത ജീവികൾ ഉണ്ടാവുന്നു
അവ പരസ്പരം ആർപ്പ് വിളിച്ച്
ഞങ്ങളുടെ നാട്ടു വഴികളിലൂടെ തെണ്ടുന്നു
വിശക്കുമ്പോൾ ഞങ്ങളുടെ പട്ടികളേയും പൂച്ചകളേയും
പശുക്കളേയും തിന്നുന്നു
മരങ്ങൾക്ക് വായ ഉണ്ടായി വരുന്നു
മരങ്ങൾ മരങ്ങളെ തിന്നുന്നു
സ്വന്തം ചില്ലകളെ തിന്നുന്നു
ഇതിനകം മിക്കവർക്കും ഭ്രാന്ത് പിടിക്കുകയും
പലരും മരിച്ചു പോവുകയും ചെയ്തിരിക്കുന്നു
മരണം മരണത്തെ പോലും തിരിച്ചറിയാതെയായിരിക്കുന്നു
ഇപ്പോൾ വീടുകൾ വീട്ടിലുള്ളവരെ തിന്നാൻ തുടങ്ങിയിട്ടുണ്ട്
എല്ലാം ശൂന്യമായിരിക്കുന്നു
വലിയൊരു സെമിത്തേരിയിലെ ശവക്കല്ലറകൾ പോലെ
വീടുകൾ ഉയർന്ന് നിൽക്കുന്നു
അതിനിടയിലൂടെ വെള്ള സാരിയുടുത്ത്
അവൾ വരുന്നു
കാറ്റിൽ സാരി ഉലയുന്നു
ജോസഫ് സെബാസ്റ്റ്യൻ എന്ന് സ്കിസോഫ്രീനിക്
പകപ്പോടെ നോക്കുന്നു
ആ സാനിട്ടോറിയത്തിലെ ഉദ്യാനത്തിൽ
വൈകുന്നേരത്തെ ആകാശത്തിനു കീഴെ
അയാൾ ഒറ്റക്ക് ഇരിക്കുകയാണ്
നേഴ്സായ മേരി അയാളെ ഉള്ളിലേക്ക് കൊണ്ട് പോവുന്നു
പോകുമ്പോൾ പൂക്കളെ നോക്കി അയാൾ പിറുപിറുക്കുന്നു
പൂക്കൾ ദുഃഖത്തെ കൊണ്ട് വരുന്നു

Thursday, March 20, 2014

അൽമദോവ, ഇരുട്ടിന്റെ നദിക്കരയിലെ വീട്അൽമദോവ

അൽമദോവയിലേക്കുള്ള വഴി
നക്ഷത്രങ്ങളും ശലഭങ്ങളും നിറഞ്ഞതാണ്
നീ വരുമ്പോൾ
അൽമദോവയിലെ എന്റെ വീടിന്റെ
രഹസ്യ മുറിയുടെ ജനവാതിലുകൾ കൊട്ടിയടച്ചിരിക്കുകയാണ്
അതിന്റെ ചില്ലുകൾ നിറങ്ങൾ നിറഞ്ഞതാണ്
അതിനപ്പുറത്തെ ഉദ്യാനത്തിൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നു
നീ എത്ര ശ്രമിച്ചാലും എന്റെ രഹസ്യങ്ങൾ കണ്ടെത്താനാവില്ല
നിന്നെ വിടാതെ പിന്തുടരുന്ന എന്റെ സൗന്ദര്യം
ആ രഹസ്യങ്ങളിൽ പതുങ്ങിയിരിപ്പുണ്ട്
ഞാൻ രഹസ്യങ്ങളുടെ രാജകുമാരിയാണ്
നിഗൂഢതയോളം മനോഹരമായി
ഭൂമിയിൽ ഒന്നും തന്നെയില്ല
അതുകൊണ്ട് എന്റെ അൽമദോവ
പ്രലോഭനങ്ങളുടെ ഏകാന്ത വിശുദ്ധിയാണ്
ഇവിടുത്തെ വിശുദ്ധന്മാരുടെ ദേവാലയങ്ങളിൽ
എരിഞ്ഞു കൊണ്ടിരിക്കുന്ന മെഴുകുതിരി നാളങ്ങളോളം
പ്രേമാതുരയായവർ ഈ ഭൂമിയിൽ ഇനിയും ജനിച്ചിട്ടില്ല
അവയോളം നിന്നിൽ ഉലയുന്ന മിടുപ്പുകളിൽ
ഞാൻ ജീവിച്ചിരിക്കുന്നു
സ്വപ്നങ്ങളിൽ രഹസ്യമായി നീയെന്നെ ചുംബിക്കുമ്പോൾ
എന്റെ വീടിനു മുന്നിലെ കടൽ
നിലാവിൽ പൂക്കുന്നത് ഞാൻ കാണുന്നുണ്ട്
അതിനു മുന്നിലൂടെ ഞാൻ നടക്കുമ്പോൾ
അൽമദോവയിലെ പുൽനാമ്പുകളെ മുഴുവൻ
ഉമ്മ വെക്കുന്ന കാറ്റ് വന്ന്
എന്റെ കാൽ രോമങ്ങളിൽ പടർത്തുന്ന ഇക്കിളികൾ
ഞാൻ നിന്നിലേക്ക് പറത്തി വിടുന്നു
നീ വരുമ്പോൾ അൽമദോവയിലെ
ശരത്കാലാകാശം മെല്ലെ താണിറങ്ങി വന്ന്
ഇവിടുത്തെ മരങ്ങളെ കൈളിൽ ഒതുക്കുന്നത്
നിനക്ക് കാണാനാകും
അവയ്ക്ക് മുകളിൽ പക്ഷികളുടെ പ്രാർത്ഥനകൾ
സങ്കീർത്തനങ്ങളാകുന്നുണ്ടാകും
അതു കൊണ്ട് ഒരൊറ്റ ഇല പോലും അനക്കാതെ
രാത്രി വിരിയുന്ന വെളുത്ത പൂക്കളുടെ
രഹസ്യ ഗന്ധങ്ങളിൽ പതുങ്ങി
ഞാൻ പോലുമറിയാതെ നീ വരിക
എന്റെ രഹസ്യ മുറിയുടെ വാതിലിൽ ഒളിഞ്ഞു നോക്കുന്ന നിന്നെ
കൈയ്യോടെ പിടിക്കുമ്പോൾ
നിന്റെ മുഖത്തു വിടരുന്ന ഭയന്ന കുട്ടിയുടെ ഭാവത്തെ
അമിതാഹ്ലത്തോടെ ഞാനപ്പോൾ ചുംബിച്ചു കൊണ്ടിരിക്കും
എന്നാലും എന്റെ രഹസ്യങ്ങൾ നിനക്ക് കണ്ടെത്താനാവില്ല
പ്രേമം വിചിത്രമായ വഴികളും വാതിലുകളും നിറഞ്ഞ വീടാണ്
അതിന്റെ ഉൾവഴികളിലെ പസിലുകളിൽ
നീ പെട്ട് പോവുക മാത്രം ചെയ്യുന്നു

ഇരുട്ടിന്റെ നദിക്കരയിലെ വീട്

ഇരുട്ടിന്റെ നദിക്കരയിലെ വീട്ടിൽ ആരുമില്ലായിരുന്നു
അസാന്നിദ്ധ്യങ്ങളൊഴികെ ആരും
ഞാനൊരൊറ്റ മരം കണക്കെ
അതിന്റെ വഴിയരികിൽ ചെന്നു നിന്നു
ഇരുട്ടിന്റെ വീടിന്റെ സങ്കടങ്ങളും ഏകാന്തതയും
എന്റെ ചില്ലകളെ പൊതിഞ്ഞു
കാറ്റ് മെല്ലെ അടുത്തു വന്ന്
ചില്ലകളിൽ നിന്ന് ഇലകളെ
പറക്കുന്ന പരവതാനികളാക്കി പറത്തി കൊണ്ട് പോയ്
അവിടുത്തെ പതുവുകൾ പതിവില്ലായ്മകളിൽ കൂടുകൂട്ടിയിരുന്നു
എനിക്കു കിട്ടിയ ആ കവിത ഏത് കാലത്തിൽ നിന്ന്
ഏത് കാലത്തിലേക്ക് അയക്കപ്പെട്ടതാകണം ?
ആരുടെ, ഏത് കാലത്തിന്റെ കാത്തിരിപ്പാവണം ഞാൻ ?
എന്നറിയാതെ ഞാൻ പകച്ചു
നദിക്കരയിൽ കുട്ടികളുടെ കാലടിപ്പാടുകൾ ചിതറി കിടന്നു
ചിലപ്പോളവ നദിയിലേക്ക് ഇറങ്ങി ചെന്ന് തിരിച്ചു വന്നു
എല്ലാം അവളുടെ പണിയാകണം
ഇരുട്ടിന്റെ നദിക്കരയിലെ വീടിന്റെ ജനലിൽ നിന്ന്
രണ്ട് കൈകൾ നീണ്ട് വന്ന് ഒരൊറ്റ പക്ഷിയുടെ രണ്ട് ചിറകായ്
പറന്നു പോവുന്നത് ഞാൻ കണ്ടതാണ്
ദുരന്തങ്ങൾ വളരെ സ്വാഭിവികമായ് സംഭവിക്കുന്നു
എന്നതു തന്നെയാകണം അതിലെ ഭീകരത

ഇരുട്ടിൽ നീല നിറത്തിന്റെ തിളക്കം
പരവതാനികളിൽ കുട്ടികൾ പറന്നു നടക്കുന്നു
അവളുടെ നിറഞ്ഞ വയർ നിറയെ നക്ഷത്രങ്ങളാണ്
എന്നാണവൾ പറഞ്ഞു നടക്കുന്നത്
ഒരിക്കൽ വീട് നിറയെ നക്ഷത്ര കുഞ്ഞുങ്ങളെ
അവൾക്ക് പ്രസവിക്കണമത്രെ
ഇരുട്ടിന്റെ നദിക്കരയിലെ വീട് നിറയെ
മിന്നാമിന്നികൾ പറന്നു നടക്കുന്നുണ്ടായിരുന്നു
ഇരുട്ടിന്റെ നദിയിലൂടെ ആരോരുമില്ലാത്ത ഒരാൾ
തോണി തുഴഞ്ഞു പോവുന്നു
അയാളുടെ പേർ ദൈവം എന്നാവുമൊ ആവൊ
നദിയുടെ രണ്ടു വശത്തേയും കാടുകളിൽ നിന്ന്
അവിടെ പാർത്തു വരുന്ന സ്വേച്ഛാധിപതികൾ നായാടിയ മൃഗങ്ങളുടെ
തേങ്ങലുകൾ ചുമപ്പ് നിറത്തിൽ നദിയിലേക്കും
അയാളുടെ പാട്ടിലേക്കും ഒഴുകിയെത്തുന്നുണ്ട്
അത് അവളുടെ സ്വപനങ്ങളെ കലുഷമാക്കി കൊണ്ട്
അവളെ ഇരുട്ടിലേക്ക് ഉണർത്തി കൊണ്ടിരിന്നു
അപ്പോഴും ഇരുട്ടിന്റെ നദിക്കരയിലെ വീടിനു ചുറ്റും
മിന്നാമിന്നികൾ പറന്നു നടന്നു
അസാന്നിദ്ധ്യങ്ങൾ അസാന്നിദ്ധ്യങ്ങളുടെ ചെവിയിലിപ്പോൾ
അവളെ കുറിച്ച് മന്ത്രിക്കുന്നത് ഞാൻ കേൾക്കുന്നുണ്ട്
അസാന്നിദ്ധ്യങ്ങൾ അൽമദോവയിലേക്കുള്ള
പ്രവേശന കവാടങ്ങൾ മാത്രമാണ്
ഇരുട്ടിൽ നിറഞ്ഞ ഇരുട്ടിൽ
അവൾക്ക് മാത്രം കാണാനാകുന്ന നക്ഷത്ര വെളിച്ചത്തിൽ
അവൾ സൃഷ്ടിച്ച ഭാവന മാത്രമാവണം അൽമദോവ
ഇരുട്ടിൽ വേണ്ടിടത്ത് മാത്രം വെളിച്ചത്തിന്റെ നിറം കൊടുത്ത്
അവൾ വരച്ചെടുത്തതാവണം അൽമദോവയെ
കാറ്റ് പഴയ കഥകളോർത്ത് മരച്ചുവട്ടിൽ തനിച്ചിരിക്കുന്നു
അവിടെ. ഇരുട്ടിന്റെ നദിക്കരയിലെ വീട്ടിൽ
ആരുമില്ലായിരുന്നു
സാന്നിദ്ധ്യങ്ങളിൽ നിന്ന്  അസാന്നിദ്ധ്യങ്ങളിലേക്കും
തിരിച്ചു ഇപ്പോഴും മിന്നാമിന്നികൾ പറന്നു നടന്നു കൊണ്ടിരുന്നു

ചിത്രകാരന്റെ സ്വപ്നം

തലയിൽ നിറയെ മിന്നാമിന്നി കൂട്ടങ്ങളായിരുന്നു.അതെ വിചിത്രമായ സ്വപ്നങ്ങളുടെ മിന്നാമിന്നി കൂട്ടങ്ങളായിരുന്നു.എണീറ്റപ്പോഴും സ്വപ്നങ്ങളിൽ സംഭവിച്ചതൊക്കെ വ്യക്തമായി അയാളുടെ ഓർമയിൽ നിറഞ്ഞു നിന്നു.സ്വപ്നത്തിലെ ആളുകൾ, സ്ഥലങ്ങൾ, നിറങ്ങൾ, അങ്ങനെ കൃത്യമായി...ചിലപ്പോഴൊക്കെ അതങ്ങനെയായിരുന്നു.എണീറ്റ് പല്ലു പോലും തേക്കാതെ അയാൾ കാൻവാസിനു മുന്നിലേക്ക് പോയ്.വരച്ചു കൊണ്ടിരിക്കെ താൻ പോലും അറിയാത്ത ഒരു ദ്വീപിൽ താൻ ഒറ്റപ്പെടുന്നതു പോലെ.വെളിച്ചം തീരെ കടക്കാത്ത ഇരുണ്ട പച്ചകളുടെ തണുപ്പ്.ചെറിയ വിടവിലൂടെ തൂവലുകൾ പോലെ വെയിൽ വീണു കൊണ്ടിരുന്നു.ഇരുട്ടിന്റെ നദിക്കരയിലെ വീടിന്റെ നിശബ്ദത, മരണത്തെ പോലും അനുഭവിപ്പിക്കാൻ കഴിയുന്ന അതിന്റെ വഴിയിലെ ഇരുട്ട്, പക്ഷികൾ, അവൾ, സ്നേഹത്തിന്റെ പ്രകാശം നിറഞ്ഞ ഓർമ പോലെ അൽമദോവ.അതെ അൽമദോവ, നക്ഷത്രങ്ങളും ശലഭങ്ങളും നിറഞ്ഞ ദ്വീപ്, വിശുദ്ധദേവാലയങ്ങളിലെ മെഴുകുതിരി നാളങ്ങൾ.വരച്ചു കഴിഞ്ഞിട്ടും എവിടെയാണെന്ന്  സ്വയം തിരിച്ചറിയാനെന്ന വണ്ണം കയ്യിൽ എരിയുന്ന സിഗരറ്റുമായ് അയാൾ അങ്ങനെ തന്നെയിരുന്നു. ഇലയനക്കങ്ങളൊ പക്ഷികളുടെ ചെറു ശബ്ദങ്ങളൊ കേൾക്കാതെ, അയാളുടെ പ്രിയപ്പെട്ട റോസാപ്പൂക്കളെ നോക്കാൻ പോകാതെ അയാൾ അങ്ങനെ തന്നെയിരുന്നു.പിന്നീടെപ്പോഴൊ അവളെ കാണാനെന്ന വണ്ണം അയാൾ ബൈക്കെടുത്ത് പുറപ്പെട്ടു.ബൈക്കോടിക്കുമ്പോഴും അയാൾ അൽമദോവയിലേക്ക് യാത്ര പോവുകയായിരുന്നു.ചെന്നെത്തുന്നത് ഇരുട്ടിന്റെ നദിക്കരയിലെ വീട്ടിലേക്കായിരിക്കുമൊ എന്ന് പേടിക്കുകയായിരുന്നു.

കവിമൊഴി

നക്ഷത്രങ്ങൾ നിറഞ്ഞ കുഞ്ഞു പവാട വട്ടത്തിൽ കറക്കി കൊഞ്ചി കൊണ്ട് അടുത്തു വന്ന് കവിതയ്ക്കും കഥയുക്കും വേണ്ടി അവൾ വാശിപിടിക്കാൻ തുടങ്ങിയതായിരുന്നു.അമര പന്തലിനു നനയ്ക്കാൻ വിളിച്ചിട്ടും ചുവന്ന വാലുള്ള തുമ്പിയെ കാണിച്ചു കൊടുക്കാമെന്ന് പറഞ്ഞിട്ടും മാളുവിന്റെ ആടിനെ പുല്ലു തീറ്റിപ്പിക്കാൻ വിളിച്ചിട്ടും വന്നിരുന്നില്ല.അപ്പോഴാണ് ആ മരണം എന്നെ തേടി വന്നത്.പെട്ടന്ന് വളരെ പെട്ടന്ന് ഒരു മുന്നറിയിപ്പു പോലുമില്ലാതെബൈക്കാക്സിടന്റായിരുന്നു.പോസ്റ്റ്മോർട്ടവും മോർച്ചറിയും തേങ്ങലുകളും കൊണ്ട്  ക്ഷീണിച്ചാണ് അവന്റെ വീട്ടിലെത്തിയത്.മുകളിലെത്തിയപ്പോൾ അവൻ അവസാനം വരച്ച ചിത്രം കണ്ടു.ഞാനത് കുറച്ചു നേരം നോക്കികൊണ്ട് നിന്നു.അപ്പോൾ മാത്രമാണ് അവന്റെ മരണത്തിന്റെ ഭീകരത എന്നെ പിടിച്ചുലച്ചത്.അവന്റെ ചിത്രത്തിൽ നിന്നും അവന്റെ മരണം എന്നെ നോക്കി കൊണ്ട് നിന്നു.പേടിയോടെ താഴേക്കിറങ്ങി ഞാൻ വീട്ടിലേക്കോടി.ഇരുട്ട് വീണിരുന്നു.നിറയെ നക്ഷത്രങ്ങളുണ്ടായിരുന്നു.മരച്ചില്ലകളിൽ നിറയെ ചിറകടിയൊച്ചകളായിരുന്നു.അൽമദോവ, ഇരുട്ടിന്റെ നദിക്കരയിലെ വീട് എന്നിങ്ങനെ ഞാൻ പിറുപിറുത്തു കൊണ്ടിരുന്നു..വീട്ടിലെത്തിയപ്പോൾ കവിതയ്ക്കും കഥയ്ക്കും വാശിപിടിച്ച്, എന്നെ കാത്ത് നിറയെ നക്ഷത്രങ്ങളുള്ള കുഞ്ഞു പവാടയിൽ കൈയ്യും വെച്ച് അവൾ ഉറങ്ങി പോയിരുന്നു.അവളറിയാതെ അപ്പോൾ മനസിന്റെ പിന്നാം പുറങ്ങളിൽ കഥയും കവിതയും രൂപം കൊള്ളുന്നുണ്ടായിരുന്നു.