Thursday, July 14, 2011

ഇത്രയധികം കറുപ്പു കൊണ്ട്‌ വരച്ചെടുക്കാനവുമൊ

ഈ മുറി മുഴുവൻ തൊട്ടിലുകളായിരുന്നു
മൃദുലമായ വിരലുകൾ കൊണ്ട്‌ എത്ര തരാട്ടുകളെയാണ്‌
മെല്ലെ മെല്ലെ ഞാൻ അതിലേക്ക്‌ എടുത്തു കിടത്തിയത്‌
ഈ നഗരത്തിനും അതിന്റെ ഓർമകൾക്കും അപ്പുറത്തെ
ആ സമതലങ്ങളിൽ നിന്നുമാണ്‌ നീ വരുന്നത്‌
ആരാണ്‌ നിനക്ക്‌ കറുത്ത ഉടുപ്പുകൾ തന്നത്‌ ഉണ്ണീ
നിനക്ക്‌ മുകളിൽ പറക്കുന്ന കറുത്ത പക്ഷികളുടെ കരച്ചിൽ
നിന്നെ പേടിപ്പിക്കുന്നുണ്ടൊ
ഇളം ചുണ്ടു പിളർത്തി നീയൊന്ന്‌ കരയുന്നത്‌ പോലുമില്ലല്ലൊ
ഈ നഗരത്തിലേക്ക്‌ നീ വരേണ്ട
നിന്റെ ഭാഷ അതിന്‌ മനസിലാവുകയില്ല
വേറേതൊ ലോകത്തിന്റെ നിറങ്ങൾ നഷ്ടപ്പെട്ട വിനിമയങ്ങൾ മാത്രമാണ്‌ അതെന്ന്‌
നിന്നിലേക്കുള്ള യാത്രകളെല്ലാം അതിവേഗം പിൻമടങ്ങും
അപരിചിതമായ നിന്റെ നിശബ്ദതയിലേക്ക്‌
അത്‌ ഉറക്കത്തിന്റെ സൂചികളെ ആഴ്ത്തും
നീ വരേണ്ട ഉണ്ണീ
എന്റെ പേടിയുടെ കറുപ്പിൽ നിന്നും ഒഴുകുന്ന
വയലിന്റെ ഏകാന്ത സങ്കടങ്ങളിലേക്ക്‌ നീ വരേണ്ട
ഇവിടുത്ത റോഡുകളിലേക്കും കൂർത്ത നോട്ടങ്ങളിലേക്കും
നീ പിച്ച വെയ്ക്കേണ്ട
ശവഘോഷ യാത്രയിൽ നിന്നെന്ന പോലെ
കറുത്ത ഉടുപ്പിട്ട മൗനങ്ങൾ മാത്രം ഇപ്പോൾ എന്നെ കാണാൻ വരുന്നു
മഞ്ഞ്‌ വീണ്‌ മഞ്ഞ്‌ വീണ്‌ ഉറഞ്ഞുപ്പോയ എന്റെ കാത്തിരിപ്പുകളിൽ
കറുത്ത സൂചികളുടെ മിടിപ്പുകൾ മാത്രം പെയ്ത്‌ കൊണ്ടിരിക്കുന്നു
പാവക്കുട്ടികളുടെ ആ മുറിയിലേക്ക്‌ ഞാനിനി പോവുകയില്ല
നീ വന്നില്ലല്ലൊ നീ വന്നില്ലല്ലൊ എന്ന
നീലിച്ച കണ്ണുകളുടെ സങ്കടങ്ങളെ നേരിടാൻ എനിക്ക്‌ വയ്യ
എന്റെ ഓർമകൾ പോലെ ഇവിടുത്തെ പൂന്തോട്ടങ്ങളിൽ
കറുത്ത പൂക്കൾ മാത്രമെ വിരിയുന്നുള്ളൂവെന്ന്‌ പരാതി പറയും മുൻപ്‌
എന്റെ പ്രഭാതങ്ങളിൽ നിന്ന്‌
ഓരോ പൂമ്പാറ്റയേയും ഞാൻ പുറത്താക്കട്ടെ
നിന്നെ എടുത്തണയ്ക്കുമ്പോൾ നിന്റെ കുസൃതി കൈകൾ
എന്റെ മുടിയിഴകളെ വലിച്ച്‌ വേദനപ്പിക്കുന്നത്‌ ഞാനെത്ര സ്വപ്നം കണ്ടതാണ്‌
എന്നിട്ട്‌ നിന്റെ കുഞ്ഞി കണ്ണുകളിൽ നിറയെ
അമ്മ കണാത്ത ഏകാന്തതകളാണല്ലൊ
രാത്രിയിലേക്ക്‌ ബ്രഷ്‌ മുക്കി നിന്നെയിങ്ങനെ എന്നിൽ വരച്ചിട്ടത്‌ ആരാണ്‌
നീ ജനിക്കും മുൻപ്‌
എന്റെ വാക്കുകളുടെ പഞ്ഞി കിടക്കയിലേക്ക്‌ എടുത്തു കിടത്തി
നിന്നെ ആദ്യമായ്‌ നോക്കാൻ കരുതി വെച്ച നോട്ടത്തോടെ
നിന്നെ ആദ്യമായ്‌ വിളിക്കാൻ കരുതി വെച്ച പേരോടെ
നിന്നിൽ വീണു നിഴലിച്ച കറുപ്പുകളെയെല്ലാം
ഞാൻ ഉമ്മ വെച്ച്‌ ഉമ്മ വെച്ച്‌ എടുക്കട്ടെ
നിന്റെ കറുത്ത മുടിയിഴകളിൽ വിരലോടിച്ച്‌
കണ്മഷിയുടേയും കരിവളകളുടേയും ഓർമകളിൽ
വീണ്ടും വീണ്ടും നിന്നെ തലോലിച്ച്‌
എന്നേന്നേയ്ക്കുമായ്‌ നിന്നെ ഞാൻ ഉറക്കട്ടെ
നീ വരേണ്ട ഉണ്ണീ
അനശ്വരതയുടെ പുസ്തകത്തിൽ നിന്നും
നിന്റെ പേരു നഷ്ടപ്പെട്ട താളു നോക്കി
ദൈവം ഇന്ന്‌ മൗനിയായിരിക്കും

5 Comments:

At July 14, 2011 at 7:51 AM , Blogger Mahi said...

തലച്ചോറിൽ ഞങ്ങൾക്കറിയാത്ത ഏതോ നിശബ്ദതയുമായ് വന്ന നിനക്ക്.കരഞ്ഞ് കരഞ്ഞ് തളർന്നുറങ്ങിപ്പോയ ഒരു രാത്രിയുടെ ഓർമയ്ക്ക്

 
At July 14, 2011 at 8:31 AM , Blogger velliyadan said...

മഹി പിറക്കാതെ പോകുന്ന കുഞ്ഞുങ്ങള്‍ ഒരു തരത്തില്‍ ഭാഗ്യവതികളല്ലേ

 
At July 15, 2011 at 6:34 AM , Blogger yousufpa said...

ഇഷ്ടപ്പെട്ടു..ഈ കവിത. ആധുനീക ലോകത്തിന്റെ മൈലേജ് തുരന്നു കാട്ടുന്നു.

 
At July 15, 2011 at 7:02 AM , Blogger ~ Sujeesh N M ~ said...

:) ഫോണ്ട് വലുതാക്കു മഹീ, വായിക്കാൻ ബുദ്ധിമുട്ടാണ.

 
At July 15, 2011 at 6:00 PM , Blogger Mubi said...

മഹി, നല്ല വരികള്‍..

ആശംസകള്‍.

 

Post a Comment

Subscribe to Post Comments [Atom]

<< Home