Tuesday, August 9, 2011

ഉടുപ്പുകളെ കുറിച്ചുള്ള പാട്ട്‌

1.
ഉടുപ്പുകളെ കുറിച്ചുള്ള പാട്ടിൽ നിന്ന്‌ ഇറങ്ങി നടന്ന്‌
രണ്ടേകാന്തതകൾ
പഴയ വളരെ പഴയ ഓരോർമയിൽ വെച്ച്‌ കണ്ടുമുട്ടുന്നു
അവർക്കിടയിലെ ദൂരത്തിലൂടെ
വാക്കുകൾ ഉറുമ്പിൻ കൂട്ടത്തെ പോലെ
അരിച്ചരിച്ച്‌ നീങ്ങുന്നുണ്ട്‌
അതിലേക്ക്‌ നോക്കിനോക്കിയിരിക്കുമ്പോൾ
ഏത്‌ കട്ടയിൽ വെച്ചാണ്‌ ശ്രുതി തെറ്റിയതെന്നും
എത്രാമത്തെ പടിയിൽ വെച്ചാണ്‌ തിരിച്ചു നടന്നതെന്നും
ഒരു പക്ഷിക്കൂട്ടം പെട്ടന്ന്‌ വളരെ പെട്ടന്ന്‌
അവർക്ക്‌ മുകളിലെ ആകാശത്തിലൂടെ
ചിറകടിച്ച്‌ പറന്നു പോകുന്നു
2.
ഉടുപ്പുകളെ കുറിച്ചുള്ള പാട്ടിൽ
പൂവുകൾ വെളിച്ചത്തിന്റെ ഭാഷയിൽ
സംസാരിക്കാൻ തുടങ്ങുന്നു
മഴ നനയുന്നതിന്റെ ഒച്ചയിൽ
പുൽത്തുമ്പിൻ വിരലുകൾ താളം പിടിക്കുന്നു
നമ്മൾ നമ്മുടെ തന്നെ ഉടുപ്പുകളാണെന്ന്‌
ഉണാക്കാനിട്ട ആകാശത്തെ നോക്കി
മരച്ചില്ലകൾ പ്രാർത്ഥനിയിലാവുന്നു
അത്‌ നോക്കിനോക്കിയിരിക്കും കണ്ണുകൾ
പൂമ്പാറ്റ ചിറകുകളെ പോൽ തുറന്നുടയുന്നു
3.
ഉടുപ്പുകളെ കുറിച്ചുള്ള പാട്ടിൽ
തോരാനിട്ട മൗനത്തിൽ നിന്നും
ഇറ്റ്‌ വീഴുന്ന കണ്ണുനീർ
ആർക്ക്‌ ആരെ കുറിച്ചുള്ളതാണെന്ന്‌
ഉടലിൽ നിന്ന്‌ ഉടലിലേക്ക്‌
ഊളിയിട്ട്‌ പോകുന്നു
ചില കാത്തിരിപ്പുകൾ
4.
ആരുമറിയാതെ ആരുമറിയാതെ ഇപ്പോൾ
വെയിലിൽ മുറിഞ്ഞ്‌
മഞ്ഞിൽ ഉറഞ്ഞ്‌
കടലുപേക്ഷിച്ച്‌
തീരത്തേക്ക്‌ അടിഞ്ഞുകൊണ്ടേയിരിക്കും
ഉടലില്ലാ പാട്ടുകൾ
പേരിടല്ലെ പേരിടല്ലെ
കാറ്റു വീശുന്നുണ്ട്‌
ആരോ കൈ വീശി വീശി
കടന്നു പോകുന്ന വേഗത്തിൽ
ഉടുപ്പുകളെ കുറിച്ചുള്ള പാട്ടിൽ നിന്നും
നഷ്ടപ്പെട്ട രണ്ടേകാന്തതകളെ കുറിച്ചുള്ള
പകപ്പ്‌ ഇവിടെയാകെ നിറയുന്നു

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home