Tuesday, August 9, 2011

കഥ കേട്ടിരുന്നവർ ഇറങ്ങിപ്പോയ വഴിയിൽ

ഇവിടെ നിന്നു തന്നെയാണ്.‌
കഥ കേട്ടിരുന്നവർ ഇറങ്ങിപ്പോയത്‌
ഈ വഴിയേ തന്നെയാണ്‌
കാറോടിച്ചു വരുന്നവളുടെ
മുലയിലേക്ക്‌ തന്നെയാണ്‌
പറന്നു പോയത്‌ ചിത്രശലഭങ്ങൾ തന്നെയാണ്‌
അവളുടെ സ്റ്റീരിയോവിലെ പാട്ടിൽ നിന്നും
ഇറങ്ങിവരുന്നത്‌ ഒരാൾക്കൂട്ടമാണ്‌
അവരുടെ ഏകാന്തതയിൽ നിറയെ കാക്കകളാണ്‌
പറഞ്ഞ കഥകളിലൊന്നും അവരില്ലെന്ന്‌
കാക്കകളൊക്കെ പറന്നു പോകുന്നുണ്ട്‌
അവ തിന്നുന്നത്‌ എന്റെ എച്ചിൽ തന്നെയാണ്‌
എന്നാലും അവ എന്നെ അനുസരിക്കാറില്ല
അല്ലെങ്കിലും കാക്കകൾ മനുഷ്യരെ അനുസരിക്കാറില്ല
അവയ്ക്ക്‌ അവയുടേതായ ഒരു രാജ്യമുണ്ട്‌
ആൾക്കൂട്ടത്തിന്റെ ഏകാന്തത ഇപ്പോൾ
കാറോടിക്കുന്നവളുടെ കണ്ണുകളിലാണ്‌
കാക്കകൾ കൊക്കു കൂർപ്പിക്കുന്നത്‌
ആ ഏകാന്തതയിലിരുന്നാണ്‌
കാർ നിർത്തി അവൾ കയറിപ്പോയത്‌
വസന്തങ്ങൾ വിൽക്കപ്പെടും എന്ന്‌
ബോർഡെഴുതിയ കടയിലേക്ക്‌ തന്നെയാണ്‌
അവളെ കാണാനില്ലെന്ന്‌ പറഞ്ഞത്‌ പിന്നെയാരാണ്‌ ?
ആൾക്കൂട്ടങ്ങൾ ചിതറിയോടുന്നത്‌ എങ്ങോട്ടേക്കാണ്‌ ?
കഥ കേട്ടിരുന്നവർ ഇറങ്ങിപ്പോയ വഴിയിലാകെ
ഇപ്പോൾ ഇരുട്ടാണ്‌
അവിടെ നിറയുന്ന നിശബ്ദതയ്ക്ക്‌ മുകളിൽ
കരിയിലകൾ പിറുപിറുക്കാൻ തുടങ്ങിയിട്ടുണ്ട്‌

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home