Tuesday, August 9, 2011

ഡിസംബറിലെ രാത്രി, മഞ്ഞ്‌, ചുവന്ന നക്ഷത്രങ്ങൾ

നമ്മളുമ്മ വെയ്ക്കുമ്പോൾ വായുവിൽ ഒരു നഗരം
നീ കേൾക്കുന്നുണ്ടൊ ഓരോ ഒച്ചയും ഉയർന്ന്‌ വരുന്നത്‌
അവിടെ നിന്നാണ്‌
നമ്മൾക്കിടയിൽ തിങ്ങി ഞെരുങ്ങി
ഡിസംബറിന്റെ മഞ്ഞ്‌ പെയ്ത്‌ നിറഞ്ഞ്‌
തണുപ്പിൽ ഒരു സിഗറിറ്റിന്‌ കൊതിച്ച്‌.
പെയ്ത്‌ തോരുന്ന ചുവപ്പുകളെ കുറിച്ച്‌
അവിടെ വസിക്കുന്നവർക്ക്‌ മാത്രം അറിയാവുന്ന
ഒരു പാട്ടുണ്ട്‌
എന്റെ തോന്നിവാസങ്ങളെല്ലാം ചുവപ്പു കൊണ്ടൊരു
ധൂർത്താണെന്ന്‌
നിന്റെ കവിളുകൾ ചുവന്നു തുടുത്ത വാക്കുകൾ കൊണ്ട്‌
ആ പാട്ടിൽ പറഞ്ഞുക്കൊണ്ടിരിക്കുന്നു
ആർത്തവ രക്തത്തിന്റെ ഒരു ചുവന്ന നദിയെ തന്നെ
നീയവരുടെ പാട്ടിലേക്ക്‌ ഒഴുക്കി വിട്ടിട്ടുണ്ട്‌
എന്റെ ആകാശത്തിലെ എത്ര നക്ഷത്രങ്ങളെ
പെറുക്കി വിറ്റാണ്‌ ഞാനാ പാട്ടുകളെ വിലക്ക്‌ വാങ്ങിയതെന്ന്‌
നിനക്കറിയാമൊ
അവിടുത്തെ ഫ്ലാറ്റുകളിൽ അമ്മമാർ കുഞ്ഞുങ്ങൾക്ക്‌
പറഞ്ഞു കൊടുക്കുന്ന കഥകളിൽ നിറയെ ചുവപ്പുകളെ
കുറിച്ചുള്ള ആ വിസ്മയങ്ങളുണ്ടാവും
ഡിസംബറിലെ രാത്രികളിലേക്ക്‌
പ്രണയത്തിന്റെ ആദിമ ഗോത്രങ്ങളിൽ നിന്ന്‌
ഗോത്രത്തലവൻമാർ ചുവന്ന ആപ്പിളുകൾ
നമുക്ക്‌ സമ്മാനമായ് കൊണ്ടു വരുന്നുണ്ട്‌
അവരുടെ ഗോത്രചിഹ്നങ്ങളിൽ നിറയെ
ചുവന്ന നക്ഷത്രങ്ങളാണ്‌
അവരുടെ ചുവന്ന വീഞ്ഞുകളുടെ ഏകാന്തതകളെ
എന്റെ ഹൃദയം ഇപ്പോൾ കവിതകളാക്കിക്കൊണ്ടിരിക്കുന്നു
അവരുടെ തന്ത്രിവാദ്യങ്ങൾക്കൊത്ത്‌
പുരാതനമായ ചില ചുവടുകൾ വെച്ച്‌
ഡിസംബറിലെ മഞ്ഞിനെ മാറി മാറി പുതച്ച്‌
നിന്റെ മുലകളിലെ ചുവന്ന നിശബ്ദതകളെ
ഒരു വെളുപ്പിലേക്ക്‌ പകർത്തി വെച്ചു കൊണ്ട്‌
ആ പാട്ടുകളിൽ നമുക്ക്‌ തീ കാഞ്ഞിരിക്കാം
പാട്ടിൽ നിന്ന്‌ പാട്ടിലേക്ക്‌ നടന്നെത്തുന്ന ദൂരം കൊണ്ട്‌
പനിനീപ്പൂക്കളുടെ ഒരു തോട്ടം തന്നെ തീർക്കാമെന്ന്‌ നീ
അല്ലെങ്കിലും പൂക്കളുടെ അധോലോകങ്ങളെ കുറിച്ച്‌
നീ പറഞ്ഞ കഥകളല്ലാതെ എനിക്കെന്തറിയാം
ഗന്ധങ്ങളിലൂടെ സ്വപ്നത്തിന്റെ ചരക്കുകൾ എങ്ങനെ
കടത്തപ്പെടുന്നു എന്നും
ഒരു കൊള്ള സംഘത്തിന്റെ തലവിയെ പോലെ നീ
അവയ്ക്കിടയിലൂടെ നടന്നു പോകുന്നു
ആംഗ്യങ്ങളുടേയും അനക്കങ്ങളുടേയും
രഹസ്യഭാഷയിൽ അവയുമായി ഇടപെടുന്നു
ഇപ്പോൾ തലോടി തലോടി നിന്നെ ഒരു പനിനീപ്പൂവാക്കുന്നതിന്‌
ചുവന്ന മുന്തിരികളുമായ്‌ നിന്നെ കാണാൻ വരുന്നതിന്‌
എല്ലാ പുലരിയിലും നീയെനിക്കൊരു കുഞ്ഞു സൂര്യനെ തരുന്നു
എന്റെ സായാഹ്നങ്ങളെ ഉമ്മ വെച്ച്‌ ചുവപ്പിക്കുന്നു
ഓരോ ഉമ്മയിലും ഉയിർക്കുന്ന നഗരങ്ങളിൽ
ഓരോ മരണവും ഓരോ ജനനവും
ചുവപ്പിന്റെ ആഘോഷമാക്കുന്ന ഒരു ജനത
അവരുടെ ചുവന്ന പാട്ടുകളിൽ നിന്നും പിടിച്ചെടുത്ത കുതിരകളെ
ഞാനിതാ അഴിച്ചു വിടുന്നു
അവ തിരികെ പോകുന്നതിന്റെ കുളമ്പിയടിച്ചകൾക്ക്‌
കാതോർത്ത്‌
നമുക്ക്‌ മുകളിൽ ഡിസംബരിലെ രാത്രി, മഞ്ഞ്‌
ചുവന്ന നക്ഷത്രങ്ങൾ

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home