Tuesday, August 9, 2011

പാട്ടു കേട്ടില്ലെങ്കിൽ മരിച്ചു പോകുമെന്നൊരാൾ പേടിക്കുന്നുണ്ട്‌

നിന്റെ മുടിയിഴകൾ എന്റെ ഏകാന്തതകളാണെന്ന്‌
ഒറ്റ വരികൊണ്ട് മീട്ടുന്നു വയലിനിൽ
കാത്തിരിപ്പിന്റെ പ്ലാറ്റ്ഫോമുകളിൽ നിൽക്കുമ്പോൾ
പാളങ്ങളെ കേട്ടു നോക്കൂ
ഓടി വരുന്നില്ലെ പാട്ടുകൾ
ഒന്നു കയറി നോക്കൂ
മുന്നിലിരിക്കുന്നവളുടെ മുടിയിഴകളിൽ വിരലോടിച്ചു നോക്കൂ
ഏകാന്തമാവുന്നില്ലെ വയലിൻ
അവളുടെ ഉള്ളിലുണ്ടാവും ഇപ്പോഴും അറിയാത്ത സ്റ്റേഷനുകൾ
ഇറങ്ങി നോക്കൂ
വിജനതയെ മെല്ലെ മീട്ടി നോക്കൂ
മിഴി തുറക്കുന്നില്ലെ? പാടുന്നില്ലെ?
മുറിച്ചു കടക്കരുത്‌
പാട്ടുകൾക്ക്‌ കുറുകെ ഒരിക്കലും
മുറിച്ചു കടന്നവരൊക്കെ മരിച്ചു പോയിട്ടുണ്ട്‌
കാത്തിരിപ്പിന്റെ പ്ലാറ്റ്ഫോമുകളിൽ നിൽക്കുമ്പോൾ
പാളങ്ങളെ തൊട്ടു നോക്കൂ
പ്രാചീനമാകുന്നില്ലെ ഓർമകൾ
തിരിഞ്ഞു നോക്കൂ
തീച്ചയായും ചരിത്രത്തെ കുറിച്ചല്ല
പ്ലാറ്റ്ഫോമുകൾക്കരികിലെ മരങ്ങളിൽ നിന്നും
പറന്നു പോകുന്നില്ലെ നിശബ്ദതകൾ

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home