Tuesday, August 9, 2011

ഒരു നഷ്ട നഗരിയില്‍

ഓരോ നോട്ടത്തിലും ആഴ്ന്നു പോകുന്നു
നിശബ്ദതയുടെ ഒരു പൂര്‍ണ്ണ വൃത്തത്തിലേക്ക്‌
രണ്ടായി പിരിഞ്ഞ്‌ കണ്ണുകളുടെ ഉള്‍ക്കിണറുകളിലേക്ക്‌
ആഴത്തിലൊരു കടലിരമ്പുന്നു
ഒര്‍മ്മകളുടെ പ്രാചീനമായൊരു തണുപ്പ്‌ വന്നു മൂടുന്നു
ഉടലിന്റെ മണ്ണിലേക്ക്‌ തുളഞ്ഞ്‌
വേരുകള്‍ മൌനത്തിന്റെ
ചരിത്രം തേടി അലയുകയാണ്‌
അവ നിന്റെ ഉള്ളിലൂടൊഴുകുന്ന
ചുവന്ന നദീ തീരത്ത്‌
ഒരു നഷ്ട നഗരിയെ കണ്ടെത്തുന്നു
അവിടെ ആശ്ലേഷങ്ങളുടെ കൊത്തു പണികളും
നിശബ്ദമായ ജനാലകളും
അടഞ്ഞ വാതിലുകളുമുള്ള വീടുകള്‍
ചുംബനങ്ങളുടെ പുരാതന ലിപികളില്‍
എഴുതപ്പെട്ട ശിലാശാസനങ്ങള്‍
ഭരിച്ചു പോയവര്‍ അവശേഷിപ്പിച്ച മുദ്രകള്‍
അസ്ഥികളില്‍ തീര്‍പ്പിച്ച സ്തംഭങ്ങള്‍,
മോഹങ്ങളുടെ ഏകാന്തമായ പാതകള്‍
സ്വപ്നങ്ങളുടെ വയലുകള്‍
അവയിലെറിഞ്ഞ വിത്തുകള്‍
പ്രണയത്തിന്റെ അരണി കടഞ്ഞ്‌ കടഞ്ഞ്‌
അവര്‍ നിന്നില്‍ പടര്‍ത്തിയ തീ,
പുരാതനമായ ആ തീ
പൂജിച്ച പുഷ്പങ്ങള്‍
എല്ലാം മണ്ണിട്ടു മൂടി മണ്ണിട്ടു മൂടി നിശബ്ദമാക്കുന്ന
എല്ലാത്തിനേയും അന്ധമാക്കുന്ന
കാലത്തിന്റെ അതേ ഇരുട്ട്‌
അതിന്റെ ഗുഹാമുഖത്തു നിന്നും
മനുഷ്യരിപ്പോള്‍ നടന്നു പോകുന്നു
നിന്റെ വിജനതയില്‍ നിന്നും നടന്നു നടന്നു പോകുന്നു
കാഴ്ചകളും ശബ്ദങ്ങളുമാകുന്നു
റോഡുകളും കെട്ടിടങ്ങളുമാകുന്നു
വേഗങ്ങളും വ്യഥകളുമാകുന്നു
അതിനരികില്‍ നിന്റെ ഇടത്തു വശത്ത്‌
എത്ര പുഞ്ചിരികളാണ്‌ ഒരു പൂവാവുന്നതെന്ന്‌
എത്ര മൌനങ്ങളാണ്‌ ഒരു വാക്കാവുന്നതെന്ന്‌
എത്ര മരണങ്ങളാണ്‌ ഒരു ചരിത്രമാവുന്നതെന്ന്‌
സംശയിച്ചു കൊണ്ടേ നില്‍ക്കുമ്പോള്‍
നിന്നില്‍ നിന്നും എന്നിലേക്ക്‌ അലയടിച്ചുയരുന്ന
ഒരു പച്ചപ്പില്‍ ഞാന്‍ മുങ്ങുന്നു
മുങ്ങി മുങ്ങി പോകുന്നു

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home