Tuesday, August 9, 2011

കടലിനെ വായിച്ചെടുക്കുമ്പോള്‍

കടലിനെ വായിച്ചെടുക്കുമ്പോള്‍
ആഴങ്ങളെ കുറിച്ചുള്ള ഉപമയില്‍
ഭയന്നു പോകരുത്‌
മുകള്‍പരപ്പിലൂടെ ഓളങ്ങളുടെ ഭാഷയെ വായിച്ച്‌
അതില്‍ ആടിയും ഉലഞ്ഞും നീങ്ങുന്ന തോണിയിലെ
ഏകാന്തനായ യാത്രക്കാരനാവാനാണ്‌ എനിക്കിഷ്ടം
ആ പഴയ കിഴവന്‍ സാന്റിയാഗോവിനെ പോലെ
ആഴങ്ങളുടെ ക്രൌര്യങ്ങളെ ചൂണ്ടയിട്ട്‌ പിടിക്കാനൊന്നുമല്ല
(മാംസങ്ങളെല്ലാം നഷ്ടപ്പെട്ട കടലിന്റെ
അസ്ഥിപഞ്ചരം തന്നെയാവും ഒരു പക്ഷെ കിട്ടുക !)
കരയില്‍ കടലിലെറിഞ്ഞ എല്ലാ വാക്കുകളും തിരികെ വരില്ലെന്ന്‌
തകര്‍ന്ന മണല്‍ വീടും നോക്കിയിരിപ്പുണ്ട്‌ ചിലര്‍
ഈ അമര്‍ന്ന തേങ്ങളും അലമുറയിടലും
അവര്‍ അറിയുന്നുണ്ടാവില്ല
നിശബ്ദതയുടെ നീല സംഗീതത്തെ
കേള്‍ക്കുന്നുണ്ടാവില്ല
ആഴങ്ങളെ കുറിച്ചുള്ള ആഴമുള്ള നുണകളില്‍ നിന്നാണ്‌
കടല്‍ ജനിക്കുന്നതെന്ന്‌
ഞാന്‍ വീണ്ടും വീണ്ടും തുഴയെറിയുന്നു
തുഴഞ്ഞ്‌ തുഴഞ്ഞ്‌ ചെന്ന്‌
എന്നന്നേക്കുമായ്‌ ഒറ്റപ്പെട്ട ദ്വീപുകളുടെ ഏകാന്തതയില്‍
നിന്നും നോക്കുമ്പോള്‍
ഏതേത്‌ അനാഥത്വങ്ങളില്‍ നിന്നാണ്‌
കടല്‍ കാക്കകള്‍ ചിറകടിച്ചു പറക്കുന്നത്‌
അതിര്‍ത്തിയില്‍ മുറിഞ്ഞു മുറിഞ്ഞു നീറുമേതൊരു കാറ്റാണ്‌
അലയായ്‌ പടരുന്നത്‌
ചിലപ്പോള്‍ പുരാതന നഗരികളുടേയും
ഏന്തൊ എടുക്കാന്‍ മറന്നെന്ന വണ്ണം
അതിലേക്ക്‌ എന്നന്നേക്കുമായ്‌ മറഞ്ഞു പോയ കപ്പലുകളുടേയും
ശവങ്ങളെ ഗര്‍ഭത്തില്‍ പേറിയുള്ള അതിന്റെ കിടപ്പ്‌ എന്നെ വന്ന്‌ തൊടുന്നു
വഴിയെ കുറിച്ച്‌ ഒരു ജലവും ഓര്‍മയാവുന്നില്ലെന്ന്‌
യാത്രകളെ കുറിച്ച്‌ ഒരു തിരയും ആത്മകഥയെഴുതുന്നില്ലെന്ന്‌
വാക്കുകളില്‍ ഉപ്പു രുചിക്കുന്നു
ശ്യൂന്യമാക്കപ്പെട്ട ഓര്‍മകളേയും
മുറിയപ്പെട്ട ചരിത്രങ്ങളേയും കൂട്ടി വെച്ച്‌ വായിക്കുമ്പോള്‍
കടലുണ്ടാവുന്നുവെന്ന്‌
പേനയില്‍ ഒരു കടലിരമ്പുന്നുവെന്ന്‌
നങ്കൂരമഴിയുന്നുണ്ടിപ്പോളെവിടെയെവിടയൊ

1 Comments:

At August 15, 2011 at 12:51 AM , Blogger ~ Sujeesh N M ~ said...

മഹീ ഇത് നന്നായ്.
നീ മുന്പ് പറഞ്ഞ പോലെ പഴയ ബ്ലോഗില്‍ നിന്നും ചിലതൊക്കെ ഒഴിവാക്കണമെന്ന് പറയാന്‍ ഞാനും ആഗ്രഹിച്ചിരുന്നു.
ഇനിയിപ്പോ പഴയതില്‍ പോയി തിരഞ്ഞു പിടിച്ചു വായിക്കണ്ട, നേരെ ഇതിലേക്ക് വന്നാല്‍ മതിയല്ലോ.
നന്ദി
:)

 

Post a Comment

Subscribe to Post Comments [Atom]

<< Home