Thursday, October 6, 2011

നിലവിലില്ലാത്ത നഗരങ്ങളെ കുറിച്ച് പറഞ്ഞു തുടങ്ങുന്നു

ഏകാന്തതയുടെ നിയമങ്ങൾ പാലിക്കപ്പെടാത്തതിനാൽ
മരിച്ചുപ്പോയോരാളുടെ ഓർമകൾ
ഏത് നഗരത്തിലേക്കുള്ള പാതകളാണെന്ന് തിരയുന്നു.
എല്ല നഗരങ്ങൾക്കും അവയുടേതു മാത്രമായ പാതകളുണ്ടെന്ന്‌
ഓർമകളുടെ അതിരുകളിൽ നിന്നും
ചില മുഖങ്ങൾ കയറി വരുന്നുണ്ട്.
അവരുടെ ഉള്ളിലെ ഫ്രീസ് ചെയ്യപ്പെട്ട
ഫ്രെയുമുകളിൽ നിന്നാണ്‌ തുടങ്ങേണ്ടത്
ഒടുക്കങ്ങളെ കുറിച്ചുള്ള എല്ല ശാഠ്യങ്ങളും
ഇവിടെ തന്നെ ഉപേക്ഷിച്ചിട്ട് പോവുകയാണ്‌
ഒരുറപ്പുമില്ലാത്ത സ്നേഹത്തിൽ പെടുമ്പോഴാണ്‌
താനേറെ സ്നേഹിക്കപ്പെടുന്നതെന്ന്
തിരിച്ചറിയുന്ന കാമുകനെ പോലെ...
എല്ലാ തിരച്ചിലുകളും അനന്തമായ ആകസ്മികതകളെ
ഉള്ളടക്കം ചെയ്ത നോട്ട് പുസ്തകമാണെന്ന്
പറഞ്ഞു തുടങ്ങും മുൻപ്
എതിരെ സൈക്കിൾ ചവിട്ടി വരുന്ന
ദുരൂഹതയുടെ മുഖത്തേക്ക്
വല്ലാത്തൊരു പകപ്പോടെ നോക്കുന്നു
സൈക്കിൾ നിർത്തി
നിങ്ങൾ വലിക്കുന്ന സിഗരറ്റിൽ നിന്നും
ഒരു പഫെടുത്ത്
ജീവിത്തിൽ ഇത്രയധികം ഇടപ്പെടുന്ന ആകസ്മികതയെ
നിങ്ങൾ എന്തുകൊണ്ട് ദൈവമാക്കുന്നില്ല
എന്നൊരു ചോദ്യമെറിഞ്ഞു പോകുന്നു
ചുറ്റും പരക്കുന്ന പുകയുടെ അവ്യക്തതയിൽ
ആ ചോദ്യത്തെ എന്ത് ചെയ്യണമെന്നറിയാതെ
അവിടെ തന്നെ നിർത്തണമൊ
അതൊ കൂടെ കൊണ്ടു പോകണമൊ
എന്നൊക്കെ സംശയിച്ച്
യാത്രയല്ലെ ഇപ്പോൾ തന്നെ ഭാരങ്ങളധികമല്ലെ
എന്നൊക്കെ സ്വയം സമാധാനിച്ച്
അവിടെ തന്നെ നിർത്തി പോകുമ്പോൾ
തനിച്ചാണ്‌ തനിച്ചാണ്‌ എന്ന് ഇരുട്ട് പരക്കുന്ന
ഒരു ഷോട്ടിൽ നിന്നും
തേങ്ങലുകൾ ഒഴുകി വരുന്നുണ്ട്‌.
അടയാളങ്ങളുടെ വെയിലു പരക്കുന്ന വഴിയിൽ
മരങ്ങളിൽ നിന്ന് മൗനങ്ങളിലേക്ക് പറന്നു പോകുന്ന നീലകൾ
തൂവലുകൾ, അവ അദൃശ്യമായി വരക്കുന്ന പാതകൾ
എന്നിങ്ങനെ കാൽപനികമായ ഭാഷയിൽ
അയാളെ കുറിച്ച് സന്ദേശമയക്കുന്ന
സ്വപ്നം എന്ന പെൺകുട്ടിയെ കണ്ടുമുട്ടുന്നു
രഹസ്യങ്ങളിൽ മാത്രം ജീവിച്ചിരിക്കുന്നതിന്റെ
സാധ്യതകളെ കുറിച്ച്
അവളുടെ കണ്ണുകൾ എഴുതുന്ന പ്രലോഭനങ്ങളിൽ
പെട്ടുപോകുന്നുണ്ട്
ചിലപ്പോഴെങ്കിലും നമ്മുടേതടക്കം എല്ലാവരുടേയും ജീവിതം എന്ന്
ആരൊ പറഞ്ഞത് ഓർത്തെടുക്കുമ്പോൾ
പ്രലോഭനങ്ങളുടെ ആകസ്മികതയിൽ
അത്രയധികം തലപൂണ്ടിരിക്കുന്നവരുടെ ഉള്ളിലെല്ലാം
അവളുടെ രഹസ്യ ജീവിത താളുകൾ
പൂമ്പാറ്റ ചിറകു പോൽ തുറന്നടയുന്നു
അപ്പോഴാണ്‌ ആകാശം താണിറങ്ങി വരുന്ന
കുന്നിൽ നിന്നും ഇറങ്ങി വന്ന ആ പഴയ വൃദ്ധൻ.........
നടുകടലുകളെ അയാളിപ്പോഴും സ്വപ്നം കാണുന്നുണ്ടെന്ന്
കണ്ണിലെ ആഴങ്ങൾ പറയുന്നുണ്ട്
ഒന്നിച്ച് ബീറു കുടിച്ച് കൊണ്ടിരിക്കുമ്പോൾ
വിയർപ്പ് പൊടിഞ്ഞ് തുടങ്ങുന്ന ഉടലുകളിൽ നിന്നും
പിടിച്ചെടുത്ത പെണ്മണങ്ങളുമായ് വരുന്ന കാറ്റുകളെ
കാത്തുകിടക്കുന്ന
ആസക്തികളുടെ എത്രയെത്ര പായ്കപ്പലുകളായിരുന്നു
തന്നിലെന്ന്
കഴിഞ്ഞ കാലങ്ങൾ അയാളിലേക്ക് കയറി വരുന്നു
ആസക്തികൾ അറിയപ്പെടാത്തതിലേക്കുള്ള
പാതകളാണെന്ന്
ഉദ്യാനങ്ങളുടെ ആഴ്ച്ചപതിപ്പിൽ
അയാളുടെ പെൺകുട്ടികൾ അഭിപ്രായപ്പെട്ടിരുന്നെന്ന്
പറഞ്ഞ് പറഞ്ഞ് അവരിലേക്കയാൾ നടന്നുപോയ്
ഇപ്പോൾ പൂവുകൾ, അവയുടെ ഉടലുകൾ,
രഹസ്യ ഭാഗങ്ങൾ എന്നിങ്ങനെ
ഓർമകളുടെ പാതകളിൽ നിന്ന്
പെൺകുട്ടികൾ ഇറങ്ങി വരുന്നുണ്ട്
രഹസ്യങ്ങൾക്കും നുണകൾക്കും ഇടയിലൂടെ
കവിതയിലൂടെന്ന പോലെ
വെറുതെ കടന്നു പോകുന്നതിന്റെ ലഹരിയിലാണ്‌
തിരച്ചിലുകളുടെ നീലക്കാർ
അറിയപ്പെടാത്തതിനെ ചുറ്റി
വലയം ചെയ്യുന്ന വിജനതയിലേക്ക്
കാറോടിച്ച് പോയവനിലേക്ക് കാറോടിച്ച് പോകുന്നതിന്റെ
സാഹസികതയിൽ മാത്രം
നിലനില്ക്കുന്ന ഒരു നഗരത്തിന്റെ അസംബന്ധത്തിൽ
ബാലൻസ് തീർന്നു പോയൊരേകാന്തത
നിലവിലില്ലാത്ത നഗരങ്ങളെ കുറിച്ച് പറഞ്ഞു തുടങ്ങുന്നു

1 Comments:

At October 7, 2011 at 2:09 AM , Blogger Sujeesh n m said...

* ഒരുറപ്പുമില്ലാത്ത സ്നേഹത്തിൽ പെടുമ്പോഴാണ്‌
താനേറെ സ്നേഹിക്കപ്പെടുന്നതെന്ന്
തിരിച്ചറിയുന്ന കാമുകനെ പോലെ...

* മരങ്ങളിൽ നിന്ന് മൗനങ്ങളിലേക്ക് പറന്നു പോകുന്ന നീലകൾ
തൂവലുകൾ, അവ അദൃശ്യമായി വരക്കുന്ന പാതകൾ
എന്നിങ്ങനെ കാൽപനികമായ ഭാഷയിൽ
അയാളെ കുറിച്ച് സന്ദേശമയക്കുന്ന
സ്വപ്നം എന്ന പെൺകുട്ടിയെ കണ്ടുമുട്ടുന്നു
രഹസ്യങ്ങളിൽ മാത്രം ജീവിച്ചിരിക്കുന്നതിന്റെ
സാധ്യതകളെ കുറിച്ച്
അവളുടെ കണ്ണുകൾ എഴുതുന്ന പ്രലോഭനങ്ങളിൽ
പെട്ടുപോകുന്നുണ്ട്
* ബാലൻസ് തീർന്നു പോയൊരേകാന്തത
നിലവിലില്ലാത്ത നഗരങ്ങളെ കുറിച്ച് പറഞ്ഞു തുടങ്ങുന്നു

 

Post a Comment

Subscribe to Post Comments [Atom]

<< Home