Saturday, December 24, 2011

പിങ്ക്‌ നിറത്തിൽ ഞാൻ നിന്നെ സ്വപ്നം കണ്ടു തുടങ്ങുന്നു

ഒരു കാർ മഴവില്ലിൻ വളവു തിരിഞ്ഞു വരുമ്പോൽ

സോഫയിൽ അലസമായ്‌ നിന്റെ പൂച്ച കുട്ടി മൂരി നിവരും പോൽ

നിന്റെ തോന്നലുകളെ എന്നിലേക്ക്‌ തൂവലുകളായ്‌ പൊഴിച്ചിടും പോൽ

പിങ്ക്‌ നിറത്തിൽ ഞാൻ നിന്നെ സ്വപ്നം കണ്ടു തുടങ്ങുന്നു

സ്വപ്നത്തിലുള്ള നീ പിങ്ക്‌ നിറത്തിൽ എന്നെ സ്വപ്നം കണ്ടു തുടങ്ങുന്നു

ആ സ്വപ്നത്തിലുള്ള ഞാൻ പിങ്ക്‌ നിറത്തിൽ നിന്നെ സ്വപ്നം കണ്ടു തുടങ്ങുന്നു

വാടി വാടി പിങ്ക്‌ നിറമാവുന്ന ദലങ്ങളിൽ നിന്ന്‌

നിറങ്ങൾ ചോർത്തിയെടുത്ത്‌

ഞാനിതാ എന്റെ ആകാശത്തേക്ക്‌ കുടയുന്നു

മേഘങ്ങളും നക്ഷത്രങ്ങളും പിങ്ക്‌ നിറത്തിലാവുന്നു

എന്റെ ആകാശം നിന്റെ ആകാശത്തെ

മൃദുവായ്‌ ചേർത്തു പിടിക്കുമ്പോൾ

പിങ്ക്‌ നിറത്തിലുള്ള കുടകൾ ചൂടി ഉമ്മകൾ കാണാൻ വരുന്നു

നോക്കി നോക്കി നില്ക്കെ നിന്റെ ചുണ്ടിൻ പാളത്തിലൂടെ

പിങ്ക്‌ നിറത്തിലൊരു തീവണ്ടി

പ്രണയത്തിന്റെ ഗ്രാമത്തിലേക്ക്‌ കൂകി പാഞ്ഞു പോകുന്നു

ഞാൻ നിന്നിലേക്ക്‌ ഒളിച്ചു കടക്കും പോൽ

നീയെന്നിലേക്ക്‌ ഒളിച്ചു കടക്കും പോൽ

പിങ്ക്‌ നിറങ്ങളിലേക്ക്‌ നമ്മൾ ഒളിച്ചു കടക്കുന്നു

കുഞ്ഞു കുഞ്ഞു ദൈവങ്ങൾ പിങ്ക്‌ നിറങ്ങളിൽ നമ്മെ തിരയുന്നു

ഇപ്പോൾ പിങ്ക്‌ മേഘങ്ങളെ പഞ്ഞി മിഠായികളാക്കി വിൽക്കുന്ന

ഗ്രാമത്തിലാണ്‌ നമ്മൾ

നമുക്കു ചുറ്റും പിങ്ക്‌ നിറത്തിലുള്ള ബലൂണുകൾ ഒഴുകി നീങ്ങുന്നു

കനമില്ലല്ലൊ എന്ന്‌ നമ്മളും ബലൂണുകൾ ആവുകയാണ്‌,

ഒഴുകി നീങ്ങുകയാണ്‌

ഹായ്‌! കണ്ടു പിടിച്ചെന്ന്‌ പെട്ടെന്ന് ഒരു കുസൃതി ദൈവം

നമ്മളെ കുത്തി പൊട്ടിക്കുന്നു

എന്റെ സ്വപ്നത്തിൽ നിന്ന്‌ നീയും

നിന്റെ സ്വപ്നത്തിൽ നിന്ന്‌ ഞാനും

ഓരോ പിങ്ക്‌ വാതിലുകളും തള്ളി തുറന്ന്‌ തിരിച്ചെത്തുന്നു

ഇപ്പോൾ അകലെ നിന്ന്‌ നോക്കുമ്പോൾ

പിങ്ക്‌ തിരശീലകൾക്കിടയിലൂടെ നിന്റെ മുറിയിൽ നീ

ബാല്യത്തിൽ നഷ്ടപ്പെട്ട നിന്റെ പാവക്കുട്ടിക്ക്‌ വേണ്ടി

പിങ്ക്‌ ഉടുപ്പുകൾ തുന്നി കൊണ്ടിരിക്കുകയാണ്‌

അപ്പോൾ പിങ്ക്‌ നിറത്തിന്റെ ഏകാന്തത

എന്നിൽ നിന്ന്‌ ഇറങ്ങി നടന്ന്‌

നിന്റെ മുറിയിലേക്ക്‌ പതുപതുത്ത കാലടികളുമായ്‌

നീയറിയാതെ കടന്നു ചെല്ലുന്നു

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home