Saturday, February 18, 2012

മറുകുകൾ രാത്രികൾ

മറുകെ നിന്നെ ഉമ്മ വെയ്ക്കുന്നു

രാത്രികൾ രാത്രികളിലെത്ര രാത്രികളെന്ന്‌

എന്റെ ചുണ്ടിൽ രാത്രികൾ വിരിയുന്നു

മുലയിലെ വെളുപ്പു പോലെയുള്ള പകലുകളിൽ

മറുകെ നിന്റെ രാത്രികൾ വിരിയുന്നു

ഓമിനിച്ചോമനിച്ച്‌ മാറോടണച്ചുറക്കാൻ

ഇപ്പോൾ കൊതികൾ പൂക്കുന്നു

അനന്തമായ മണല്ക്കാട്ടിലെ

ഒറ്റപ്പെട്ട യാത്രികന്റെ ഏകാന്തത പോലെ

നിന്റെ മറു(കു) ജീവിതം എന്ന്‌

രാത്രിയുടെ ശരീര ഭാഷയിൽ എഴുതിവെയ്ക്കുന്നു

നിന്റെ കറുപ്പിലെ പതു പതുപ്പ്‌ സ്വപ്നം കണ്ടാണ്‌

എന്റെ റോഡുകൾ നിന്നിലിങ്ങനെ

പാർക്കു ചെയ്യാൻ തുടങ്ങിയതെന്ന്‌

കറുത്തു പക്ഷികൾ പറന്നു പോകുന്നു

അവ പറന്നെത്തുന്ന വൻകരകളിലെല്ലാം

കറുത്ത തൂവലുകൾ പൊഴിഞ്ഞു വീഴുന്നു

വീണിടത്തെല്ലാം കറുപ്പു പൂക്കുന്നു

മറുകു പൂക്കുന്നു

അതിൽ പൊട്ടി മുളക്കുന്നു മറ്റൊരു ഭൂമി

രഹസ്യങ്ങളുടെ മറ്റൊരു അച്ചു തണ്ട്‌

പൂക്കളും പ്രണയങ്ങളും നിറഞ്ഞ മറു(കു) ലോകങ്ങൾ

ഇപ്പോൾ നിന്റെ അനാഥത്വങ്ങളിലിരുന്ന്‌

സിഗരിറ്റിന്റെ പുകമഞ്ഞിൽ മാഞ്ഞ്‌

വേരുകളുടെ തുടക്കങ്ങളിലേക്ക്‌ നൂണ്ട്‌

ലഹരിയുടെ നനവറിയുമ്പോൾ

കാലത്തിന്റെ വെളുപ്പിൽ വിരിയുന്ന

മറ്റൊരു കൃഷ്ണമണി കൗതുകത്തിൻ കാഴ്ചയിലേക്ക്‌

എന്റെ വാതിൽ പാതി ചാരി രഹസ്യമായ്‌ കടന്നു വരും

ഞാനറിയാതാരോ

അല്ലെങ്കിൽ തന്നെ വലത്തെ മുലയിലെ ഇടത്തെ ചെരുവിലെ

ഇന്നാ കണ്ടു പിടിച്ചൊ എന്ന രസം നിറഞ്ഞ

നിന്റെ കിടപ്പു കാണുമ്പോൾ എനിക്കറിയാം

ഞാനൊരു വെറും ഭ്രാന്തൻ കാമുകൻ

നിന്റെ ഏകാന്തമായ ദ്വീപിലേക്ക്‌

ശരീരത്തിന്റെ അലയടിക്കുന്ന കടൽ നീന്തി കടന്നെത്തുന്ന

ഭ്രാന്തൻ കാമുകൻ

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home