Saturday, February 18, 2012

അത്രയധികം വെയിൽ പൂക്കുന്ന ഇടങ്ങളിൽ നിന്നും വാറ്റിയെടുത്ത സുതാര്യത

അത്രയധികം വെയിൽ പൂക്കുന്ന ഇടങ്ങളിൽ നിന്നും

വാറ്റിയെടുത്ത സുതാര്യതയുമായി ഇരിക്കുന്നു

നിന്റെ ചുണ്ടുകൾ മെല്ലെ അതിൽ ലയിപ്പിച്ചിടുത്ത് സ്വർഗീയമാക്കുന്നു

അത്രയധികം ഉന്മാദങ്ങളെ വാറ്റിയെടുത്തതിനാൽ

തേനറകളിലേക്ക് മണപ്പിച്ചെത്തുന്ന മൗനത്തിന്റെ

ചിറകടികൾ, പറപറക്കൽ എന്നൊക്കെ പകർത്തിവെക്കണമെന്നുണ്ട്‌..

വേണ്ട, മെല്ലെ ഒരു മഴയെ അതിലേക്ക് പെയ്യിച്ച് നോക്കുന്നു

രസമുണ്ട്, നിന്റെ വിയർപ്പുത്തുള്ളികളെ

എന്റെ ഒരൊറ്റ ശ്വാസത്തിന്റെ കാറ്റിനാൽ

അതിലേക്കങ്ങനെ പെയ്യിക്കുന്നതിൽ

പെയ്തു തോർന്ന വിയർപ്പുത്തുള്ളികളുടെ തേനറകൾ

ഇപ്പോൾ നിന്റെ ശരീരമെന്ന്

അതിലേക്ക് മണപ്പിച്ചെത്തുന്ന മൗനത്തിന്റെ

ചിറകടികൾ, പറപറക്കൽ എന്നിങ്ങനെ പിന്നേയും..........

ആവർത്തിക്കുന്നല്ലൊ എന്ന് മടുത്ത്

ഉന്മാദങ്ങളുടെ ഈ ഗ്രാമത്തിൽ

അതിന്റെ മുഴുവൻ സ്വപ്നങ്ങളേയും

അതറിയാതെ അതിന്റെ കണ്ണിൽ നിന്ന് കവർന്നെടുത്ത്

അത്രയധികം വെയിൽ പൂക്കുന്ന ഇടങ്ങളിൽ നിന്നും

വാറ്റിയെടുത്ത ഈ സുതാര്യതയിലൂടെ കടത്തി വിട്ട്‌

മഴവില്ലുകളെ നിർമിക്കുന്നു

അത്രയധികം മഴവില്ലുകൾ എവിടെ നിന്ന് വന്നു എന്ന്

അത്ഭുതപ്പെട്ട് അത്ഭുതപ്പെട്ട് എനിക്കു ചുറ്റും

ആരൊക്കയൊ കുട്ടികളാവുന്നുണ്ട്

ഓറഞ്ചല്ലികൾ കൊണ്ട് ഞാനിപ്പോൾ ഉണ്ടാക്കിയ വീട്ടിലിരുന്ന്

അവർ മഞ്ഞ് നിറഞ്ഞ പ്രഭാതങ്ങളെ കാണുന്നു

കാണുന്നതിനിടയ്ക്ക് മഞ്ഞിൽ നിന്നും

കുഞ്ഞു കുഞ്ഞു തൂവലുകളെ ഊരിയെടുത്ത്

മൗനത്തിന്‌ ചിറകു കൊടുക്കുന്നു

അവ വീണ്ടും പറന്ന് പറന്ന്......

നിന്റെ തേനറകളെ മണപ്പിച്ച് മണപ്പിച്ച്.........

വേണ്ട വേണ്ട, ഇത്രമതി എന്ന് പറയുന്നതിനിടയ്ക്ക്

ഞാൻ നിന്റെ കടലിൽ നിന്നും ഒരു കുഞ്ഞലയെ നുള്ളിയെടുത്ത്

ഈ സുതാര്യതയിലേക്ക് ഇട്ട് നോക്കുന്നു

കുറച്ചിട പിടഞ്ഞ് അത് നിശ്ചലമാവുന്നു

ഒരു മരണത്തിൽ ഏകാന്തമാവുന്നുണ്ട്

അത്രയധികം വെയിൽ പൂക്കുന്ന ഇടങ്ങളിൽ നിന്നും

വാറ്റിയെടുത്ത സുതാര്യത എന്ന് വിചാരപ്പെട്ട്

അതേ ദിവസത്തെ ആ ഗ്രാമത്തിന്റെ സൂര്യനെ പറിച്ചെടുത്ത്,

രണ്ടായി മുറിച്ച്, ഈ സുതാര്യതയിലേക്ക് പിഴിഞ്ഞൊഴിച്ച്,

മെല്ലെ മെല്ലെ മൊത്തി കുടിക്കുന്നു

ജീവിതത്തേക്കാൾ വലിയ മാന്ത്രികൻ ആരുമില്ലല്ലൊ എന്ന്

മരണം സുതാര്യമാവുന്നതു കണ്ട് മെല്ലെ ഇറങ്ങുന്നു

പിന്നിൽ നീ, മഴവില്ലുകൾ, ഓറഞ്ചല്ലികളുടെ വീട്, കുട്ടികൾ

ഉറങ്ങിയൊ എന്തൊ?

1 Comments:

At May 2, 2013 at 9:25 PM , Blogger KUNJUBI VARGHESE said...

കമ്മെന്റുകൾ എഴുതി ഈ ബ്ലോഗിന്റെ പവിത്രതയെ ഇല്ലാതാക്കുവാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. അത്ര വിശുദ്ധമായ ഒരു ഭൂമിയിൽ ആണു എന്റെ പാദങ്ങൾ എന്നു തോന്നിപ്പൊകുന്നു.. ഇതോടൊപ്പം ഞാൻ വായിച്ചു തീർത്ത അനുഭൂതി ഇയലുന്ന ഒരു ബ്ലൊഗ് “ ഒറ്റ വാക്കു മാത്രമുള്ള പാട്ടു..” ഒരുപാടു ഓർമ്മകളെ എനിലേക്കു വലിച്ചിട്ടുതന്നു. ആ കാലഘട്ടത്തിന്റെ ഓർമ്മകൾ ജീവിതത്തെ ആകെ ചൂഴ്ന്നു നിൽക്കുന്നു. ആരുംതന്നെ ഇന്നു ആ ഗാനങ്ങളുടെ മധുരിമയെക്കുറിച്ചു ബോധവാന്മാരല്ലല്ലൊ എന്ന ദുഃഖം മനസിൽ നിറഞ്ഞു നിൽക്കുന്നു, നിങ്ങൾക്കായി അരു സർപ്രൈ സു ഞാൻ ഒരുക്കുന്നു.മെയിൽ അഡ്രസ്സ് അല്ലെങ്കിൽ കൊ ണ്ടാക്റ്റ് ലിങ്ക് തരിക അവിടെ പൊസ്റ്റ് ചെയ്തെക്കാം അതിലെ എല്ലാ പാട്ടുകളുടെയും ലിൻക്സ് U TUBEലിങ്ക്സ് എല്ലാം കൂടി. അത്രയെങ്കിലും സന്തോഷം മനോഹരമായ ആ ബ്ലൊഗ് നിങ്ങൾക്ക് നേടി തരട്ടെ... ഫെയിസ് ബുക്കിൽ എങ്ങാനും ഉണ്ടോ? എങ്കിൽ അവിടെ കാണാമല്ലൊ. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. കുഞ്ഞുബി

 

Post a Comment

Subscribe to Post Comments [Atom]

<< Home