Tuesday, July 31, 2012

ഷു…

ഷു…

അത്രയേറെ ആഗ്രഹങ്ങളെ ഒളിപ്പിച്ചെടുത്ത്, ഒളിപ്പച്ചെടുത്ത്
നീ പേടിയുടെ മരങ്ങളെ നട്ടു പിടിപ്പിക്കുന്നു
ഒരുലച്ചിലിൽ അത് പൂത്തു പോയേക്കുമൊ എന്ന് പേടിച്ച്
ഞാൻ കാറ്റിന് പിന്നാലെ പോകുന്നു
ഇലകളിലും ഓർമകളിലും വിഷാദത്തിന്റെ നീല ഞരമ്പുകൾ
പൊട്ടും മുൻപ് എനിക്ക് നിന്നെ തൊടണം ഷു
സ്പർശത്തിന്റെ അടരടരുകൾക്കടിയിൽ ചെന്ന്
ജലജീവികളുടെ ഒഴുക്കുകളെ സ്വന്തമാക്കണം
നീലപക്ഷികളുടെ ആകാശത്തിൽ നിന്ന്
നിന്റെ സങ്കടത്തിന്റെ മാലാഖകളെ
നിയെന്നാണ് തിരിച്ചു വിളിക്കുക

ഷുവിന്റെ കണ്ണുകൾ

മഞ്ഞ് നിറഞ്ഞ പ്രഭാതത്തിൽ
ഈരിലയാകുന്നു നിന്റെ കണ്ണുകൾ
ഇലതുമ്പുകളിൽ നിന്ന് ഇറ്റു വീഴുന്നുണ്ട്
വേദനയുടെ മഞ്ഞിൻ തുള്ളികൾ

ഷുവിന്റെ ഉടൽ

ആ തിരിവിലൂടെ എത്ര വട്ടം ഡ്രൈവ് ചെയ്ത് പോയതാണ്
കൃത്യം അവിടെ വെച്ചാണ് അപകടമുണ്ടാവുന്നത്
അപകടങ്ങളെ കുറിച്ചുള്ള ഗൂഢാലോചനകളിൽ
പുൽമേടുകളേയും പൂമ്പാറ്റകളേയും ഉൾപ്പെടുത്തിയവനെ
വെടിവെച്ച് വീഴ്ത്തണം
കടലിൽ നിന്ന് തിരമാലയെ ഊരിയെടുത്ത്
പതാകയാക്കി നാട്ടുന്നു ഞാനിവിടെ
അതിപ്പോൾ പറക്കാൻ വെമ്പുന്ന ഒരു കടൽ പക്ഷി
നിന്നിൽ കെട്ടിയിടപ്പെട്ട ഒരു പട്ടം
എന്റെ മനസ്

ഷുവിന്റെ ഗന്ധം

ഈ മുറി ഒരു സുഗന്ധ കുപ്പി
നിന്റെ ഓർമകളിലേക്ക് അനേകായിരം
ഹൈപ്പർ ലിങ്ക് സാധ്യതകളുള്ള ഗന്ധങ്ങളുടെ
നിശബ്ദത
പാൽപ്പാടയുടെ മൃദു ഗന്ധത്തിൽ നിന്ന്
നിന്റെ തൊലിയിലേക്കുള്ള യാത്രയിൽ
ഗന്ധങ്ങളുടെ എത്ര കാടുകൾ പൂക്കുന്നുണ്ടാവണം
നീ വരുമ്പോൾ
ഡിയോഡ്രന്റുകളിൽ നിന്നും എയർ ഫ്രഷ്നേഴ്സുകളിൽ നിന്നും
മുല്ലകളുടേയും ചന്ദനത്തിന്റേയും റോസാപൂക്കളുടേയും
ഗന്ധത്തെ അവയ്ക്ക് തിരിച്ചു കൊടുക്കണം എനിക്ക്

ഷുവിന്റെ നിറം

ഋതുക്കളുടെ ചുണ്ടുകൾ കൊണ്ട്
ഭൂമിയുടെ പച്ചപ്പിൽ ഉമ്മ വെയ്ക്കുമ്പോൾ
വിരിയുമ്പോലെ
ഇവിടെയാകെ നിറങ്ങൾ തട്ടി തൂവിയിരിക്കുന്നു
ഓരോ നിറവുമെടുത്ത്
അവയുടെ പൊഴിയുന്ന ഓരോ ഇതളുകളിലും
ഞാൻ നിന്നെ ചേർത്തു വെയ്ക്കുന്നു
മഴയുടെ ബ്രഷ് കൊണ്ട് ആകാശത്തിൽ
നിന്നെ വരച്ചു വെയ്ക്കുന്നു
ദൈവത്തിന്റെ കണ്ണുകൾക്ക് മാത്രം മനസിലാവുന്ന
ഒരു നിറത്തിൽ

ഷുവിന്റെ ശബ്ദം

നിന്നെ കേൾക്കുമ്പോൾ ഞാനറിയുന്നു
കാട്ടുചോലകൾക്കും കിളികൾക്കും
അറിയാത്തൊരു പാട്ടുണ്ട്
കടലിന്റെ ആഴത്തിൽ
മൗനം വാക്കുകളെ കണ്ടുമുട്ടും മുൻപ്
കേട്ടുകൊണ്ടിരുന്നത്.

ഷുവിന്റെ കാത്തിരിപ്പ്

കട്ടിള പടികളുടെയും ജനൽ കമ്പികളുടേയും
രഹസ്യങ്ങളിൽ
കാത്തിരിപ്പുകൾ അതിന്റെ വിസ്മയം തുടർന്നു കൊണ്ടിരിക്കുന്നു
പൊഴിയുന്ന ഇലകളും പാതകളും പുൽച്ചാടികളും
കാലത്തിൽ ചെയ്തു കൊണ്ടിരിക്കുന്നതു പോലെ
എന്തോ ഒന്ന്

ഷു ഇത് ഞാനാണ്

ജീവികൾ മാളങ്ങളിലേക്കും പുറന്തോടുകളിലേക്കും
ഉൾവലിയുന്നതു പോലെ
സ്വന്തം മരണത്തിലേക്ക് ഉൾവലിയുന്ന മറ്റൊരു ജീവി
അതിന്റെ സ്വകാര്യതയിൽ നിറയെ
നിന്റെ രഹസ്യ പ്രണയങ്ങൾ, രഹസ്യ പ്രണയങ്ങൾ

1 Comments:

At November 9, 2012 at 12:26 AM , Blogger നിസാരന്‍ .. said...

പ്രിയ സ്നേഹിതാ.. മികച്ച വരികള്‍ . കവിതയിലെ വേറിട്ട ഒരു വഴി പോലെ തോന്നുന്നു.

 

Post a Comment

Subscribe to Post Comments [Atom]

<< Home