Tuesday, March 26, 2013

ഉറങ്ങുന്ന മരങ്ങൾ

ഗൂഢമായ ഓർമപ്പെടുത്തലുകളിലേക്ക്
നടന്നു പോകുകയാണ്
താഴ്വരയിലേക്ക് നടന്നു പോകുന്ന
ചെമ്മിരിയാടിൻ കൂട്ടത്തെ പോലെ
നടന്നു പോകുകയാണ് ചില തോന്നലുകൾ
ദൂരൂഹമായ മരണത്തിന്റെ ആ പഴയ ചിത്രകാരന്റെ
ഉറങ്ങുന്ന മരങ്ങളിലെന്ന പോലെ
വേരുകൾ ഇപ്പോഴും വഴികളാണ്
ഉറക്കങ്ങൾ അത്രയധികം ഉറക്കങ്ങൾ കനത്തു പോയ
അതിന്റെ ചില്ലകളിലാണ് രാത്രികൾ
നിശബ്ദമാവുമ്പോഴും എത്ര സജീവമാണ്
സ്വപ്നത്തിന്റെ നഗരങ്ങൾ
നിലവിളിക്കുമ്പോൾ പോലും എത്ര നിശബ്ദമാണ്
കൂക്കി വിളിക്കുമ്പോൾ പോലും എത്ര നിശബ്ദമാണ്
സമയത്തിന്റെ കാടുകളിൽ അപ്രത്യക്ഷമായവയൊക്കെ
തിരിച്ചു വരുന്നത് എത്ര നിശബ്ദമായാണ്
ശബ്ദത്തിന്റെ ഒരില പോലും അനങ്ങുന്നില്ല
അല്ലെങ്കിലും ഗൂഢമായ ഓർമപ്പെടുത്തലുകളെല്ലാം
അങ്ങനെയാണ്
ശബ്ദത്തിന്റെ ഒരില പോലും അനങ്ങുന്നില്ല
നിശബ്ദത അല്ലെങ്കിലും നിഗൂഢതയിലേക്കുള്ള
താക്കോലുകളാണ്
സ്വപ്നത്തിന്റെ നഗരത്തിൽ
കാറുകളും ബസുകളും നിശബ്ദമായ് സഞ്ചരിക്കുകയാണ്
അതിന്റെ റോഡരികിൽ ഞാൻ കിടക്കുന്നു
കാറുകളും ബസുകളും മെല്ലെ എന്നെ കടന്നു പോകുകയാണ്
അവയിൽ നിന്ന് രഹസ്യങ്ങൾ ഇറങ്ങി വരുന്നു
പരസ്പരം നോക്കിയും പകച്ചും
അപരിചിതത്വത്തിന്റെ അസഖകരമായ സൗഖ്യത്തിൽ
തന്നിലേക്ക് തന്നെ തല താഴ്ത്തി കടന്നു പോകുന്നു
പാർക്കുകളിലും ബീച്ചുകളിലും
ആരും കാണില്ലെന്ന വ്യാജേന
രഹസ്യ ഭാഗങ്ങളിൽ പരസ്പരം തലോടുന്നു
പ്രാചീനമായ ഓർമകളിൽ നിന്ന്
സ്വപ്നത്തിന്റെ നഗരത്തിലേക്ക്
അതിപുരാതനർ നടന്നു വരുന്നു
ഇവിടെ ജീവിച്ചിരുന്നരൊക്കെ മുന്നെവിടെയൊ
ജീവിച്ചിരുന്നവർ തന്നെയെന്ന് അവർ ആണയിടുന്നു
സ്വപ്നങ്ങളും ഓർമകളും
ദൂരങ്ങളുടെ നിറവ്യത്യാസമുള്ള കുപ്പായങ്ങൾ മാത്രമത്രെ
വിചിത്ര ശീലങ്ങളെ കുറിച്ചുള്ള
ഒരു ചലചിത്രത്തിലെന്ന പോലെ
ഞാൻ പെട്ട് പോകുന്നു
എനിക്ക് ചുറ്റും എല്ലാം ഗൂഢമാവുകയാണെന്ന്
ദൂരൂഹമായ മരണത്തിന്റെ ചിത്രകാരൻ ചിരിക്കുന്നു
ഗൂഢമായ ഓർമപ്പെടുത്തലുകളിലേക്ക്
നടന്നു പോയവരൊക്കെ പെട്ടു പോയിട്ടുണ്ട്
അത്രയധികം ദുർബലമായ് നിസ്സഹായമായ്
ജീവിക്കുന്നതിൽ
എനിക്കു ചുറ്റും എല്ലാം ഗൂഢമാവുന്നതിൽ
ഞാൻ സന്തോഷിക്കുന്നു
ക്ലൊക്കുകളിൽ നിന്ന് സമയം മഞ്ഞു തുള്ളികളായ്
ഇറ്റു വീഴുകയാണ് ഇപ്പോൾ
ഉറങ്ങുന്ന മരങ്ങളിൽ നിന്ന് ഇലകൾ
മെല്ലെ പൊഴിയുകയാണ്
ജീവിതം അത്രയേറെ മനോഹരമായതിനാൽ
പേടിയുടെ രാത്രി വണ്ടിക്ക് ഞാൻ കാത്തിരിക്കുന്നു
സ്വപ്നത്തിന്റെ നഗരത്തിൽ നിന്ന് മറ്റേതൊ
സ്വപ്നത്തിന്റെ നഗരത്തിലേക്ക് ഞാൻ
എപ്പോഴാണാവൊ വീണു പോകുന്നത്

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home