Thursday, March 20, 2014

അൽമദോവ, ഇരുട്ടിന്റെ നദിക്കരയിലെ വീട്അൽമദോവ

അൽമദോവയിലേക്കുള്ള വഴി
നക്ഷത്രങ്ങളും ശലഭങ്ങളും നിറഞ്ഞതാണ്
നീ വരുമ്പോൾ
അൽമദോവയിലെ എന്റെ വീടിന്റെ
രഹസ്യ മുറിയുടെ ജനവാതിലുകൾ കൊട്ടിയടച്ചിരിക്കുകയാണ്
അതിന്റെ ചില്ലുകൾ നിറങ്ങൾ നിറഞ്ഞതാണ്
അതിനപ്പുറത്തെ ഉദ്യാനത്തിൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നു
നീ എത്ര ശ്രമിച്ചാലും എന്റെ രഹസ്യങ്ങൾ കണ്ടെത്താനാവില്ല
നിന്നെ വിടാതെ പിന്തുടരുന്ന എന്റെ സൗന്ദര്യം
ആ രഹസ്യങ്ങളിൽ പതുങ്ങിയിരിപ്പുണ്ട്
ഞാൻ രഹസ്യങ്ങളുടെ രാജകുമാരിയാണ്
നിഗൂഢതയോളം മനോഹരമായി
ഭൂമിയിൽ ഒന്നും തന്നെയില്ല
അതുകൊണ്ട് എന്റെ അൽമദോവ
പ്രലോഭനങ്ങളുടെ ഏകാന്ത വിശുദ്ധിയാണ്
ഇവിടുത്തെ വിശുദ്ധന്മാരുടെ ദേവാലയങ്ങളിൽ
എരിഞ്ഞു കൊണ്ടിരിക്കുന്ന മെഴുകുതിരി നാളങ്ങളോളം
പ്രേമാതുരയായവർ ഈ ഭൂമിയിൽ ഇനിയും ജനിച്ചിട്ടില്ല
അവയോളം നിന്നിൽ ഉലയുന്ന മിടുപ്പുകളിൽ
ഞാൻ ജീവിച്ചിരിക്കുന്നു
സ്വപ്നങ്ങളിൽ രഹസ്യമായി നീയെന്നെ ചുംബിക്കുമ്പോൾ
എന്റെ വീടിനു മുന്നിലെ കടൽ
നിലാവിൽ പൂക്കുന്നത് ഞാൻ കാണുന്നുണ്ട്
അതിനു മുന്നിലൂടെ ഞാൻ നടക്കുമ്പോൾ
അൽമദോവയിലെ പുൽനാമ്പുകളെ മുഴുവൻ
ഉമ്മ വെക്കുന്ന കാറ്റ് വന്ന്
എന്റെ കാൽ രോമങ്ങളിൽ പടർത്തുന്ന ഇക്കിളികൾ
ഞാൻ നിന്നിലേക്ക് പറത്തി വിടുന്നു
നീ വരുമ്പോൾ അൽമദോവയിലെ
ശരത്കാലാകാശം മെല്ലെ താണിറങ്ങി വന്ന്
ഇവിടുത്തെ മരങ്ങളെ കൈളിൽ ഒതുക്കുന്നത്
നിനക്ക് കാണാനാകും
അവയ്ക്ക് മുകളിൽ പക്ഷികളുടെ പ്രാർത്ഥനകൾ
സങ്കീർത്തനങ്ങളാകുന്നുണ്ടാകും
അതു കൊണ്ട് ഒരൊറ്റ ഇല പോലും അനക്കാതെ
രാത്രി വിരിയുന്ന വെളുത്ത പൂക്കളുടെ
രഹസ്യ ഗന്ധങ്ങളിൽ പതുങ്ങി
ഞാൻ പോലുമറിയാതെ നീ വരിക
എന്റെ രഹസ്യ മുറിയുടെ വാതിലിൽ ഒളിഞ്ഞു നോക്കുന്ന നിന്നെ
കൈയ്യോടെ പിടിക്കുമ്പോൾ
നിന്റെ മുഖത്തു വിടരുന്ന ഭയന്ന കുട്ടിയുടെ ഭാവത്തെ
അമിതാഹ്ലത്തോടെ ഞാനപ്പോൾ ചുംബിച്ചു കൊണ്ടിരിക്കും
എന്നാലും എന്റെ രഹസ്യങ്ങൾ നിനക്ക് കണ്ടെത്താനാവില്ല
പ്രേമം വിചിത്രമായ വഴികളും വാതിലുകളും നിറഞ്ഞ വീടാണ്
അതിന്റെ ഉൾവഴികളിലെ പസിലുകളിൽ
നീ പെട്ട് പോവുക മാത്രം ചെയ്യുന്നു

ഇരുട്ടിന്റെ നദിക്കരയിലെ വീട്

ഇരുട്ടിന്റെ നദിക്കരയിലെ വീട്ടിൽ ആരുമില്ലായിരുന്നു
അസാന്നിദ്ധ്യങ്ങളൊഴികെ ആരും
ഞാനൊരൊറ്റ മരം കണക്കെ
അതിന്റെ വഴിയരികിൽ ചെന്നു നിന്നു
ഇരുട്ടിന്റെ വീടിന്റെ സങ്കടങ്ങളും ഏകാന്തതയും
എന്റെ ചില്ലകളെ പൊതിഞ്ഞു
കാറ്റ് മെല്ലെ അടുത്തു വന്ന്
ചില്ലകളിൽ നിന്ന് ഇലകളെ
പറക്കുന്ന പരവതാനികളാക്കി പറത്തി കൊണ്ട് പോയ്
അവിടുത്തെ പതുവുകൾ പതിവില്ലായ്മകളിൽ കൂടുകൂട്ടിയിരുന്നു
എനിക്കു കിട്ടിയ ആ കവിത ഏത് കാലത്തിൽ നിന്ന്
ഏത് കാലത്തിലേക്ക് അയക്കപ്പെട്ടതാകണം ?
ആരുടെ, ഏത് കാലത്തിന്റെ കാത്തിരിപ്പാവണം ഞാൻ ?
എന്നറിയാതെ ഞാൻ പകച്ചു
നദിക്കരയിൽ കുട്ടികളുടെ കാലടിപ്പാടുകൾ ചിതറി കിടന്നു
ചിലപ്പോളവ നദിയിലേക്ക് ഇറങ്ങി ചെന്ന് തിരിച്ചു വന്നു
എല്ലാം അവളുടെ പണിയാകണം
ഇരുട്ടിന്റെ നദിക്കരയിലെ വീടിന്റെ ജനലിൽ നിന്ന്
രണ്ട് കൈകൾ നീണ്ട് വന്ന് ഒരൊറ്റ പക്ഷിയുടെ രണ്ട് ചിറകായ്
പറന്നു പോവുന്നത് ഞാൻ കണ്ടതാണ്
ദുരന്തങ്ങൾ വളരെ സ്വാഭിവികമായ് സംഭവിക്കുന്നു
എന്നതു തന്നെയാകണം അതിലെ ഭീകരത

ഇരുട്ടിൽ നീല നിറത്തിന്റെ തിളക്കം
പരവതാനികളിൽ കുട്ടികൾ പറന്നു നടക്കുന്നു
അവളുടെ നിറഞ്ഞ വയർ നിറയെ നക്ഷത്രങ്ങളാണ്
എന്നാണവൾ പറഞ്ഞു നടക്കുന്നത്
ഒരിക്കൽ വീട് നിറയെ നക്ഷത്ര കുഞ്ഞുങ്ങളെ
അവൾക്ക് പ്രസവിക്കണമത്രെ
ഇരുട്ടിന്റെ നദിക്കരയിലെ വീട് നിറയെ
മിന്നാമിന്നികൾ പറന്നു നടക്കുന്നുണ്ടായിരുന്നു
ഇരുട്ടിന്റെ നദിയിലൂടെ ആരോരുമില്ലാത്ത ഒരാൾ
തോണി തുഴഞ്ഞു പോവുന്നു
അയാളുടെ പേർ ദൈവം എന്നാവുമൊ ആവൊ
നദിയുടെ രണ്ടു വശത്തേയും കാടുകളിൽ നിന്ന്
അവിടെ പാർത്തു വരുന്ന സ്വേച്ഛാധിപതികൾ നായാടിയ മൃഗങ്ങളുടെ
തേങ്ങലുകൾ ചുമപ്പ് നിറത്തിൽ നദിയിലേക്കും
അയാളുടെ പാട്ടിലേക്കും ഒഴുകിയെത്തുന്നുണ്ട്
അത് അവളുടെ സ്വപനങ്ങളെ കലുഷമാക്കി കൊണ്ട്
അവളെ ഇരുട്ടിലേക്ക് ഉണർത്തി കൊണ്ടിരിന്നു
അപ്പോഴും ഇരുട്ടിന്റെ നദിക്കരയിലെ വീടിനു ചുറ്റും
മിന്നാമിന്നികൾ പറന്നു നടന്നു
അസാന്നിദ്ധ്യങ്ങൾ അസാന്നിദ്ധ്യങ്ങളുടെ ചെവിയിലിപ്പോൾ
അവളെ കുറിച്ച് മന്ത്രിക്കുന്നത് ഞാൻ കേൾക്കുന്നുണ്ട്
അസാന്നിദ്ധ്യങ്ങൾ അൽമദോവയിലേക്കുള്ള
പ്രവേശന കവാടങ്ങൾ മാത്രമാണ്
ഇരുട്ടിൽ നിറഞ്ഞ ഇരുട്ടിൽ
അവൾക്ക് മാത്രം കാണാനാകുന്ന നക്ഷത്ര വെളിച്ചത്തിൽ
അവൾ സൃഷ്ടിച്ച ഭാവന മാത്രമാവണം അൽമദോവ
ഇരുട്ടിൽ വേണ്ടിടത്ത് മാത്രം വെളിച്ചത്തിന്റെ നിറം കൊടുത്ത്
അവൾ വരച്ചെടുത്തതാവണം അൽമദോവയെ
കാറ്റ് പഴയ കഥകളോർത്ത് മരച്ചുവട്ടിൽ തനിച്ചിരിക്കുന്നു
അവിടെ. ഇരുട്ടിന്റെ നദിക്കരയിലെ വീട്ടിൽ
ആരുമില്ലായിരുന്നു
സാന്നിദ്ധ്യങ്ങളിൽ നിന്ന്  അസാന്നിദ്ധ്യങ്ങളിലേക്കും
തിരിച്ചു ഇപ്പോഴും മിന്നാമിന്നികൾ പറന്നു നടന്നു കൊണ്ടിരുന്നു

ചിത്രകാരന്റെ സ്വപ്നം

തലയിൽ നിറയെ മിന്നാമിന്നി കൂട്ടങ്ങളായിരുന്നു.അതെ വിചിത്രമായ സ്വപ്നങ്ങളുടെ മിന്നാമിന്നി കൂട്ടങ്ങളായിരുന്നു.എണീറ്റപ്പോഴും സ്വപ്നങ്ങളിൽ സംഭവിച്ചതൊക്കെ വ്യക്തമായി അയാളുടെ ഓർമയിൽ നിറഞ്ഞു നിന്നു.സ്വപ്നത്തിലെ ആളുകൾ, സ്ഥലങ്ങൾ, നിറങ്ങൾ, അങ്ങനെ കൃത്യമായി...ചിലപ്പോഴൊക്കെ അതങ്ങനെയായിരുന്നു.എണീറ്റ് പല്ലു പോലും തേക്കാതെ അയാൾ കാൻവാസിനു മുന്നിലേക്ക് പോയ്.വരച്ചു കൊണ്ടിരിക്കെ താൻ പോലും അറിയാത്ത ഒരു ദ്വീപിൽ താൻ ഒറ്റപ്പെടുന്നതു പോലെ.വെളിച്ചം തീരെ കടക്കാത്ത ഇരുണ്ട പച്ചകളുടെ തണുപ്പ്.ചെറിയ വിടവിലൂടെ തൂവലുകൾ പോലെ വെയിൽ വീണു കൊണ്ടിരുന്നു.ഇരുട്ടിന്റെ നദിക്കരയിലെ വീടിന്റെ നിശബ്ദത, മരണത്തെ പോലും അനുഭവിപ്പിക്കാൻ കഴിയുന്ന അതിന്റെ വഴിയിലെ ഇരുട്ട്, പക്ഷികൾ, അവൾ, സ്നേഹത്തിന്റെ പ്രകാശം നിറഞ്ഞ ഓർമ പോലെ അൽമദോവ.അതെ അൽമദോവ, നക്ഷത്രങ്ങളും ശലഭങ്ങളും നിറഞ്ഞ ദ്വീപ്, വിശുദ്ധദേവാലയങ്ങളിലെ മെഴുകുതിരി നാളങ്ങൾ.വരച്ചു കഴിഞ്ഞിട്ടും എവിടെയാണെന്ന്  സ്വയം തിരിച്ചറിയാനെന്ന വണ്ണം കയ്യിൽ എരിയുന്ന സിഗരറ്റുമായ് അയാൾ അങ്ങനെ തന്നെയിരുന്നു. ഇലയനക്കങ്ങളൊ പക്ഷികളുടെ ചെറു ശബ്ദങ്ങളൊ കേൾക്കാതെ, അയാളുടെ പ്രിയപ്പെട്ട റോസാപ്പൂക്കളെ നോക്കാൻ പോകാതെ അയാൾ അങ്ങനെ തന്നെയിരുന്നു.പിന്നീടെപ്പോഴൊ അവളെ കാണാനെന്ന വണ്ണം അയാൾ ബൈക്കെടുത്ത് പുറപ്പെട്ടു.ബൈക്കോടിക്കുമ്പോഴും അയാൾ അൽമദോവയിലേക്ക് യാത്ര പോവുകയായിരുന്നു.ചെന്നെത്തുന്നത് ഇരുട്ടിന്റെ നദിക്കരയിലെ വീട്ടിലേക്കായിരിക്കുമൊ എന്ന് പേടിക്കുകയായിരുന്നു.

കവിമൊഴി

നക്ഷത്രങ്ങൾ നിറഞ്ഞ കുഞ്ഞു പവാട വട്ടത്തിൽ കറക്കി കൊഞ്ചി കൊണ്ട് അടുത്തു വന്ന് കവിതയ്ക്കും കഥയുക്കും വേണ്ടി അവൾ വാശിപിടിക്കാൻ തുടങ്ങിയതായിരുന്നു.അമര പന്തലിനു നനയ്ക്കാൻ വിളിച്ചിട്ടും ചുവന്ന വാലുള്ള തുമ്പിയെ കാണിച്ചു കൊടുക്കാമെന്ന് പറഞ്ഞിട്ടും മാളുവിന്റെ ആടിനെ പുല്ലു തീറ്റിപ്പിക്കാൻ വിളിച്ചിട്ടും വന്നിരുന്നില്ല.അപ്പോഴാണ് ആ മരണം എന്നെ തേടി വന്നത്.പെട്ടന്ന് വളരെ പെട്ടന്ന് ഒരു മുന്നറിയിപ്പു പോലുമില്ലാതെബൈക്കാക്സിടന്റായിരുന്നു.പോസ്റ്റ്മോർട്ടവും മോർച്ചറിയും തേങ്ങലുകളും കൊണ്ട്  ക്ഷീണിച്ചാണ് അവന്റെ വീട്ടിലെത്തിയത്.മുകളിലെത്തിയപ്പോൾ അവൻ അവസാനം വരച്ച ചിത്രം കണ്ടു.ഞാനത് കുറച്ചു നേരം നോക്കികൊണ്ട് നിന്നു.അപ്പോൾ മാത്രമാണ് അവന്റെ മരണത്തിന്റെ ഭീകരത എന്നെ പിടിച്ചുലച്ചത്.അവന്റെ ചിത്രത്തിൽ നിന്നും അവന്റെ മരണം എന്നെ നോക്കി കൊണ്ട് നിന്നു.പേടിയോടെ താഴേക്കിറങ്ങി ഞാൻ വീട്ടിലേക്കോടി.ഇരുട്ട് വീണിരുന്നു.നിറയെ നക്ഷത്രങ്ങളുണ്ടായിരുന്നു.മരച്ചില്ലകളിൽ നിറയെ ചിറകടിയൊച്ചകളായിരുന്നു.അൽമദോവ, ഇരുട്ടിന്റെ നദിക്കരയിലെ വീട് എന്നിങ്ങനെ ഞാൻ പിറുപിറുത്തു കൊണ്ടിരുന്നു..വീട്ടിലെത്തിയപ്പോൾ കവിതയ്ക്കും കഥയ്ക്കും വാശിപിടിച്ച്, എന്നെ കാത്ത് നിറയെ നക്ഷത്രങ്ങളുള്ള കുഞ്ഞു പവാടയിൽ കൈയ്യും വെച്ച് അവൾ ഉറങ്ങി പോയിരുന്നു.അവളറിയാതെ അപ്പോൾ മനസിന്റെ പിന്നാം പുറങ്ങളിൽ കഥയും കവിതയും രൂപം കൊള്ളുന്നുണ്ടായിരുന്നു.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home