Thursday, May 22, 2014

ഭൂമിയുടെ മുടിയിഴകൾ കോതിയൊതുക്കുന്നൊരു പുലരിയിൽ

ഭൂമിയുടെ മുടിയിഴകൾ കോതിയൊതുക്കുന്നൊരു പുലരിയിൽ
ഉയരങ്ങൾ ഉയരങ്ങളിലേക്ക് കയറി പോകുന്നതിനിടയ്ക്ക്
ഏഴാം നിലയിലെ ഒന്നാം നമ്പർ ഫ്ലാറ്റിൽ
എപ്പോൾ വേണമെങ്കിലും വാതിൽ തുറന്നെത്താവുന്ന
അവസാനിക്കാത്ത കാലടി ശബ്ദത്തിന് കാതോർത്തിരിക്കെ
അദൃശ്യമായവ പൊഴിച്ചിട്ട പുഞ്ചിരിയുടെ വെളിച്ചത്തിൽ
മുറിയെ, മുറിക്ക് തീർത്തും അപരിചിതമായ
കണ്ണുകളുടെ സ്പർശം കൊണ്ട് ഉഴിഞ്ഞു കൊണ്ടിരിക്കെ
കഴിഞ്ഞ രാത്രിയിലെ ചില്ലകളിൽ നിന്നും
പൊഴിഞ്ഞു വീണ ഇരുട്ട്
മുഴുവനായ് പോകാൻ മടിച്ച്
അവിടെയവിടെയായ് പറ്റി കൂടി നില്ക്കെ
മുയലുകൾ, ഒരു കൂട്ടം മുയലുകളുടെ വെള്ളച്ചാട്ടത്തിൽ
മുറി നിറയും, മുറി നിറയുമെന്ന ത്രസിക്കൽ
കൊളുത്തി വലിച്ചു കൊണ്ടു പോകുന്ന തീരത്ത്
വെയിലു കാഞ്ഞിരിക്കുന്ന സിംഹങ്ങളുടെ
അലസ നോട്ടങ്ങളുടെ ഉച്ചകളെ എന്തു ചെയ്യുമെന്ന്,
ആകാശമറിയാതെ അലസ മേഘങ്ങളെ തട്ടി കൊണ്ട് വന്ന്
ബോഗൻ വില്ലകളിൽ നിറയെ വിരിയിച്ചെടുത്താലൊ എന്ന്
കടുകു മണികളിൽ ഒതുക്കി വെച്ച ഇഷ്ടങ്ങളെ
മൂപ്പിച്ച് മൂപ്പിച്ച് പൊട്ടിത്തെറിപ്പിച്ചാലൊ എന്ന്
അപ്പോഴും അവിടെയവിടെയായ് പറ്റി പിടിച്ചു നിൽക്കുന്ന
ഇരുട്ടിൽ നിന്നും കടം വാങ്ങിയ നക്ഷത്രങ്ങളെ
അപ്പൂപ്പൻ താടികളായ് ജനലിലൂടെ പറത്തി വിട്ടു കൊണ്ടിരിക്കെ
അയാളിൽ നിന്നും വീണു കിടക്കുന്ന നിഴലുകൾ,
മുറി നിറയും നിഴലുകൾ, നിഴലുകളുടെ താഴ്വരകൾ
അതിലേക്ക് മുയലുകളുടെ മുഖങ്ങളിൽ നിന്നും
ഉതിർന്നു വീഴുന്ന
ഭയത്തിന്റെ ഇരുണ്ട ഗോലികളുടെ മഴയിൽ
നനഞ്ഞൊലിച്ചു കയറി വരും
അന്യഗ്രഹ ജീവികളുടെ ആസക്തമായ നോട്ടങ്ങളിലേക്ക്
വലിച്ചെറിയപ്പെടും മുറിയുടെ നഗ്നതയിൽ
അഗാധതയിൽ നിന്നു മാത്രം വരുന്നവയുടെ
തുറസ്സിലേക്കെന്ന പോലെ
പഴയൊരു കുറ്റകൃത്യത്തിന്റെ അസുഖകരമായ തിരുച്ചു വരവിൽ
ഉടലിലൂടെ ചീറി പാഞ്ഞു പോകും
നിലവിളിയുടെ ആംബുലൻസിൽ നിന്നും
തെറിച്ചു വീണ് താഴേക്ക് പോയി കൊണ്ടിരിക്കെ
ഒരു തൂവലിനേക്കാൾ കൂടുതൽ
എന്ത് സാധ്യതയാണ് ഭൂമിയെ കുറിച്ച് തനിക്കെന്ന്
റോഡിൽ തല തിരിഞ്ഞൊരു പൂമരമാവുന്നു
ഭൂമിയിലെ മൊബൈൽ ഡിസ്പ്ലേകളിൽ
അതിൽ നിന്നും ചുവന്ന പൂവുകൾ ഒന്നിച്ച് പൊഴിയുന്നു


ഭൂമിയുടെ മുടിയിഴകൾ കോതിയൊതുക്കുന്നൊരു പുലരിയിൽ
ഉയരങ്ങൾ ഉയരങ്ങളിലേക്ക് കയറി പോകുന്നതിനിടയ്ക്ക്
എട്ടാം നിലയിലെ രണ്ടാം നമ്പർ ഫ്ലാറ്റിൽ
രണ്ടു പെണ്ണുങ്ങളുടെ ഇടയുന്ന നോട്ടങ്ങളുടെ
വിസ്മയങ്ങൾ പഞ്ചസാരത്തരികളായ്
പൊഴിയുന്ന വിരിപ്പിൽ
ഉടലുകളിലൂടെ അരിച്ചരിച്ച് പോകും ഉറുമ്പിൻ വിരലുകൾ
ആകാശങ്ങളെ കുറിച്ചുള്ള അതിരു വിട്ട ഓർമകളിൽ നിന്ന്
കടത്തി കൊണ്ടു വന്ന നീല മിഠായി കടലാസു കൊണ്ട്
ഞൊറിയുള്ള പവാട കുട്ടിയെ ഉണ്ടാക്കി കൊണ്ടിരിക്കെ
മുലകൾ അതിപുരാതനമായ പള്ളി മണികൾ
അതിനുള്ളിലെ മിടിപ്പുകളുടെ ഒച്ചകളെ
വെള്ള പ്രാവുകളുടെ കുറുകലാക്കി
ജാലക വിരിപ്പിലേക്ക് പറത്തി കൊണ്ടിരിക്കെ
തൊടുമ്പോൾ തുറന്നു വരുന്ന
ഹൈപ്പർ ലിങ്കുകളുടെ പുതിയ അത്ഭുതങ്ങളിൽ നിന്നും
പാട്ടുകളും മഴവില്ലുകളും പുറത്തേക്ക് കുടഞ്ഞിട്ടു കൊണ്ടിരിക്കെ
പൊക്കിൾ കുഴിയിലേക്ക് ഒഴുകിയൊഴുകിയവസാനിക്കും
രോമങ്ങളുടെ ഒറ്റ സ്ട്രിങ്ങിൽ മീട്ടുമ്പോൾ
നനഞ്ഞ റോഡിലൂടെ ചീറി പാഞ്ഞു പോകും
ബൈക്കിനെ തിരിച്ചു വിളിക്കൂ തിരിച്ചു വിളിക്കൂ എന്ന്
നീട്ടിത്തരും കൊതികളെ
കൊഞ്ചിച്ച് കൊഞ്ചിച്ച് കൊണ്ടിരിക്കെ
തലയണകളിൽ ഒളിപ്പിച്ചു വെച്ച പഞ്ഞി മേഘങ്ങളെ
മുറിയിലെ ആകാശത്തിലേക്ക് മേയാൻ വിട്ട്
വിരിപ്പിനെ കപ്പൽ പായയാക്കി
കട്ടിൽ ഒഴുകാൻ തുടങ്ങവെ
കണ്ണാടിയുടെ തുറന്ന വാതിലിലൂടെ
കറുത്ത തടാകങ്ങളിലേക്ക് മുഖം നോക്കാൻ പോകുന്നു
രണ്ടു പൂവുകൾ
തീർന്നു പോകുമൊ, തീർന്നു പോകുമൊ
രതിമൂർച്ഛയുടെ പിങ്ക് വസന്തങ്ങളെന്ന്
അപ്പോഴും പുറത്തു കിടക്കുന്ന നീല ഷൂവുകളുടെ
വെള്ള ലെയ്സുകൾക്ക് പകരം
ആകാംഷയുടെ പൂമ്പാറ്റ ചിറകു മുളക്കുന്നു

ഭൂമിയുടെ മുടിയിഴകൾ കോതിയൊതുക്കുന്നൊരു പുലരിയിൽ
ഉയരങ്ങൾ ഉയരങ്ങളിലേക്ക് കയറി പോകുന്നതിനിടയ്ക്ക്
എട്ടാം നിലയിലെ എട്ടാം നമ്പർ ഫ്ലാറ്റിൽ
ഉള്ളിലെ ലഹരിയിൽ നിന്നും
പൊട്ടിച്ചിതറിയൊഴുകുന്ന തോന്നലുകളിൽ
ഇരിട്ടിലൂടെ വെളിച്ചത്തിന്റെ സൂചി മുന പോലെ
പാഞ്ഞ് ചെന്ന് ഇടിച്ച് തകരവെ
മുറി നിറയെ
വെളിച്ചത്തിന്റെ ചില്ലു കഷണങ്ങളാണെന്ന്
വലിഞ്ഞു മുറുകുന്നവയിൽ നിന്നും
ഉച്ചത്തിൽ തെറിച്ചു വീഴുന്നവയുടെ
ഒടുക്കത്തെ സംഗീതത്തിൽ
രതിമൂർച്ഛയുടെ അറ്റത്തെ നിലയിലേക്ക്
ഏന്തി വലിഞ്ഞു നിൽക്കുന്നവന്റെ
അവസാന നിമിഷത്തിലേക്ക് കുന്നു കയറി പോകുന്നതു പോലെ
ഒറ്റപ്പെട്ടു കൊണ്ടിരിക്കെ
ഇരുട്ടിൽ നിന്നുമുള്ള അവസാനത്തെ സന്ദേശങ്ങൾ
അയാളെ തേടി വരുമ്പോൾ
തന്നിൽ നിന്നു നൂലു പൊട്ടി പോകുന്നു
പല നിറത്തിലുള്ള പട്ടങ്ങളെന്ന്
അവ കൂർത്ത കൊക്കുള്ള പക്ഷികളായ്
തന്നിലേക്ക് തന്നെ തിരിച്ചു വരുന്നെന്ന്
അവയുടെ മൂർച്ചകളിൽ
മുറിഞ്ഞു മുറിഞ്ഞു കൊണ്ടിരിക്കെ
മേശ വലിപ്പിൽ നിന്നെടുത്ത റിവോൾവറിന്റെ
ആറു ബുള്ളറ്റുകളിൽ ആരായിരിക്കും
നിന്നെ അത്യധികമായ് സ്നേഹിക്കുകയെന്ന്
അസൂയപ്പെട്ട് കൊണ്ടിരിക്കെ
തുറന്ന വാതിലിലൂടെ നിന്റെ കാലടി ശബ്ദം കേട്ട്
പാഞ്ഞ് ചെന്ന് കാഞ്ചി വലിക്കുമ്പോൾ
നിന്റെ നെറ്റിയിൽ വിരിയുന്ന പൊട്ടിന്റെ
ചുവന്ന പൂവിനെ നോക്കി നോക്കി കൊതിച്ച്,
നീ വീണു കിടക്കുന്ന ഇടനാഴിയെ
ഒരുപാട് വാതിലുകളുള്ള ശവപ്പെട്ടിയോട്
ഉപമിച്ചുപമിച്ചിറങ്ങി പോകുന്നു

ഭൂമിയുടെ മുടിയിഴകൾ കോതിയൊതുക്കുന്നൊരു പുലരിയിൽ
ഉയരങ്ങൾ ഉയരങ്ങളിലേക്ക് കയറി പോകുന്നതിനിടയ്ക്ക്
ആത്മഹത്യ ചെയ്തത്
കൊല ചെയ്യപ്പെട്ടവളുടെ കാമുകിയുടെ ഭർത്താവാണെന്നും
അവളെ കൊന്നത് അവളുടെ കാമുകനാണെന്നും
ഉറുമ്പിൻ കൂട്ടത്തെ പോലെ തിങ്ങി കൂടുന്ന
ആളുകളിൽ നിന്നും പുറപ്പെട്ടു പോകുന്ന രഹസ്യങ്ങൾ
രഹസ്യങ്ങളെ തേടുന്നു
മണപ്പിച്ച് മണപ്പിച്ച് പോകുന്ന മൂക്കുകളുടെ
അതികൗതുകങ്ങളിൽ നിന്ന്
മുള്ളാൻ മുട്ടുന്നുതു പോലുള്ള ത്വരയിൽ
ഒരു കുഞ്ഞു സിഗരറ്റു വലിക്കാൻ ഇറങ്ങിയതാണ്
അതിന്റെ ചൊരുക്കിൽ
ഒരു കുഞ്ഞു കവിത എഴുതാൻ ഇരുന്നതാണ്
ഹൊ......!
ഭൂമിയുടെ മുടിയിഴകൾ കോതിയൊതുക്കുന്നൊരു പുലരിയിൽ
ഉയരങ്ങൾ ഉയരങ്ങളിലേക്ക് കയറി പോകുന്നതിനിടയ്ക്ക്

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home